India - 2025
സീറോ മലബാര്‍ ട്രിബ്യുണല്‍ പ്രസിഡന്‍റ് ഫാ. ജോസ് ചിറമേല്‍ നിര്യാതനായി
സ്വന്തം ലേഖകന്‍ 18-06-2019 - Tuesday
കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യുണല്‍ പ്രസിഡന്‍റും എറണാകുളം അങ്കമാലി അതിരൂപതാംഗവുമായ റവ. ഡോ. ജോസ് ചിറമേല്‍ നിര്യാതനായി. ഇന്നു പുലര്‍ച്ചെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു നിര്യാണം. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടിനു മഞ്ഞപ്രയിലുള്ള വസതിയില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം ഉച്ചകഴിഞ്ഞു മൂന്നിന് മാതൃ ഇടവകയായ മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോനാ പള്ളിയില്‍ നടക്കും.
1952 ഏപ്രില്‍ 24നു മഞ്ഞപ്ര ചിറമേല്‍ ഫ്രാന്‍സിസ് അന്ന ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ജനിച്ചത്. 1973-75 കാലയളവില്‍ മംഗലപ്പുഴ സെമിനാരിയില്‍നിന്നും ഫിലോസഫിയും 1977-80 കാലയളവില്‍ വടവാതൂര്‍ സെമിനാരിയില്‍നിന്നും തിയോളജിയും പൂര്‍ത്തിയാക്കി. 1980 ഡിസംബര്‍ 19 ന് മാര്‍ ജോസഫ് പാറേക്കാട്ടിലില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു.
കാനന്‍ നിയമത്തില്‍ സീറോമലബാര്‍ സഭയിലെ ആധികാരിക ശബ്ദമായിരുന്ന ഫാ. ജോസ് ചിറമേല്‍ റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും മറ്റു വിവിധ സര്‍വകലാശാലകളില്‍നിന്നുമാണ് ഡോക്ടറേറ്റും വിവിധ ഡിപ്ലോമകളും കരസ്ഥമാക്കിയത്. ദീര്‍ഘകാലമായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യുണല്‍ പ്രസിഡന്‍റായി ഡോ. ജോസ് ചിറമേല്‍ സേവനം ചെയ്തുവരികയായിരിന്നു അദ്ദേഹം.