India - 2025
ഡീക്കന്‍ ജെറിനു ജോയ്‌സണിന് വിട
സ്വന്തം ലേഖകന്‍ 26-06-2019 - Wednesday
മുംബൈ: യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിനത്തില്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ച ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റിലപ്പിള്ളിക്കു മുംബൈ സമൂഹം വിട നല്‍കി. അന്ധേരി സേക്രട്ട് ഹാർട്ട് ചർച്ചിലുംസാകിനാക്ക മേരി മാതാ പള്ളിയിലും നടന്ന പൊതു ദർശനത്തിനും മൃതസംസ്കാര ചടങ്ങിനും നൂറുകണക്കിനാളുകൾ പങ്കെടുത്തു. കല്യാൺ രൂപതാ ബിഷപ്പ് മാർ തോമസ് ഇലവനാൽ, ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട് തുടങ്ങിയവരും സംസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നൽകി.
കല്യാണ്‍ രൂപതക്കു വേണ്ടി തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് മലയാളി ഡീക്കന്‍ ജെറിന്റെ ആകസ്മിക വേർപാട്. ഇക്കഴിഞ്ഞ 20നു നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തില്‍ ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടനെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ. പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് പൗരോഹിത്യം സ്വീകരിക്കാന്‍ വീണ്ടും ഒരുക്കങ്ങള്‍ ആരംഭിച്ചത്.