News - 2025

കത്തോലിക്ക വൈദികന് ജപ്പാന്റെ പരമോന്നത ബഹുമതി

സ്വന്തം ലേഖകന്‍ 09-07-2019 - Tuesday

ഡബ്ലിന്‍: ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അരനൂറ്റാണ്ട് ജൂഡോ പ്രചരിപ്പിക്കുവാന്‍ ചിലവഴിച്ച ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഐറിഷ് കത്തോലിക്ക വൈദികന് ജപ്പാന്റെ പരമോന്നത ബഹുമതി. ഫാ. ജൂഡ് മക്കെന്ന എന്ന വൈദികനാണ് ജപ്പാന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍’ ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഡബ്ലിനില്‍ അയര്‍ലന്‍ഡിലെ ജപ്പാനീസ് അംബാസഡര്‍ മാരി മിയോഷിയാണ് അവാര്‍ഡ് സമ്മാനിച്ചത്. വടക്കന്‍ അയര്‍ലണ്ടിലെ ബാല്ലിമോണി സ്വദേശിയാണ് എണ്‍പത്തിനാലു വയസ്സുള്ള ഫാ. ജൂഡ് മക്കെന്ന.

1875-ലാണ് ജപ്പാന്റെ പ്രഥമ ദേശീയ അവാര്‍ഡായ ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍ നിലവില്‍ വന്നത്. ജാപ്പനീസ് സംസ്കാരം പ്രചരിപ്പിക്കുന്നതില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന ബഹുമതിയാണ് ‘ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍-ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ റെയ്സ്. ജൂഡോയിലൂടെ ജപ്പാനും സാംബിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും, സൗഹൃദവും വളര്‍ത്തുന്നതില്‍ വഹിച്ച പങ്കാണ് ഫാ. മക്കെന്നയെ ഈ പരമോന്നത ബഹുമതിക്കു അര്‍ഹനാക്കിയത്. തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയായിരിന്നു സാംബിയയിലും, ആഫ്രിക്കയിലും ജൂഡോ പ്രചരിപ്പിക്കുവാന്‍ അദ്ദേഹം പരിശ്രമം നടത്തിയത്.

“ഇതൊരു മഹത്തായ അംഗീകാരമാണ്, ഞാനിതില്‍ അഭിമാനിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമാണ്, ഞാനിതൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല” ബെല്‍ഫാസ്റ്റ് ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ഫാ. മക്കെന്നയുടെ പ്രതികരണം ഇപ്രകാരമായിരിന്നു. 1966 മുതല്‍ 2017 വരെ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലായിരുന്നു ഫാ. മക്കെന്ന. ആദ്യമൊക്കെ ബോക്സിംഗില്‍ താത്പര്യം പ്രകടിപ്പിച്ചിരിന്ന അദ്ദേഹം 3 പ്രാവശ്യം ജപ്പാന്‍ സന്ദര്‍ശിച്ച ശേഷമാണ് സ്വയം പ്രതിരോധ മുറയായ ജൂഡോയില്‍ താല്‍പ്പര്യമുണ്ടായതെന്നു പറയുന്നു.

50 വര്‍ഷക്കാലം ഫാ. മക്കെന്ന ആഫ്രിക്കയില്‍ അനാഥര്‍ക്കും, പാവങ്ങള്‍ക്കും, തെരുവുകുട്ടികള്‍ക്കും, ധനികര്‍ക്കും ഒരുപോലെ ജൂഡോ പരിശീലനം നല്‍കി. കാഴ്ചശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ്‌ അദ്ദേഹം അയര്‍ലന്‍ഡിലേക്ക് തിരിച്ചു വന്നത്. ഫാ. മക്കെന്നയുടെ ഇരട്ട സഹോദരനും ഒരു കപ്പൂച്ചിന്‍ വൈദികനാണ്.

More Archives >>

Page 1 of 468