News - 2025
എറിത്രിയയിലെ അവസാന കത്തോലിക്ക ആശുപത്രിയും സര്‍ക്കാര്‍ അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍ 09-07-2019 - Tuesday
അസ്മാര: എല്ലാ എറിത്രിയക്കാര്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തണമെന്ന എറിത്രിയന്‍ മെത്രാന്‍ സമിതിയുടെ നിലപാടിനോടുള്ള പ്രതികാരമെന്ന നിലയില്‍ പ്രസിഡന്റ് ഇസയാസ് അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രാജ്യത്തെ അവസാന കത്തോലിക്കാ ആശുപത്രിയും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ അസ്മാരയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സാഗെര്‍ ഗ്രാമത്തില്‍ കന്യാസ്ത്രീകള്‍ നടത്തികൊണ്ടിരുന്ന ആശുപത്രിയാണ് ജൂലൈ 5ന് എറിത്രിയന്‍ സര്‍ക്കാര്‍ അന്യായമായി അടച്ചു പൂട്ടിയതെന്ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആശുപത്രിയിലുണ്ടായിരുന്ന കന്യാസ്ത്രീകളെ പോലീസ് ബലമായി മാറ്റിയ ശേഷം ആശുപത്രിയുടെ വാതിലുകള്‍ അടച്ചു പൂട്ടി മുദ്രവെക്കുകയായിരുന്നു. ആശുപത്രി നടത്തിക്കൊണ്ടിരുന്ന കന്യാസ്ത്രീകളോട് വീട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഓരോ വര്‍ഷവും എറിത്രിയയിലെ കത്തോലിക്കാ ആശുപത്രികളെ ആശ്രയിച്ചുപോന്നിരുന്നതെന്നാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള കത്തോലിക്കരും, ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഇതര മതസ്ഥരും സഭാ ആശുപത്രികളെ ആശ്രയിച്ചിരുന്ന രോഗികളില്‍ ഉള്‍പ്പെടുന്നു.
ഭരണഘടനയോ, പ്രസിഡന്റ് തിരഞ്ഞെടുപ്പോ ഇല്ലാത്ത എറിത്രിയയില്‍ ഭരണപരിഷ്കാരങ്ങള്‍ക്കായി വാദിക്കുന്നവരോട് സഭ കൈകൊണ്ട അനുഭാവപൂര്‍ണ്ണമായ സമീപനവും എറിത്രിയന്‍ ഏകാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 1995-ലെ നിയമമനുസരിച്ചാണ് ആശുപത്രികള്‍ അടച്ചു പൂട്ടിയതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണമെങ്കിലും, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ നിന്നും സഭയെ അകറ്റി നിര്‍ത്തുകയാണ് ഈ നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് റോമില്‍ താമസിക്കുന്ന എറിത്രിയന്‍ പുരോഹിതന്‍ ഫാ. മുസ്സി സെറായി പറയുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്നവരെ ഭരണകൂടം ശിക്ഷിക്കുകയാണെന്നും, കത്തോലിക്കാ സഭയുടെ സേവനങ്ങള്‍ ദേവാലയങ്ങളില്‍ മാത്രമായി ചുരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.