News - 2025
ആഫ്രിക്കന്‍ മിഷനായി 15 ലക്ഷം ഡോളറിന്റെ പദ്ധതിയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 09-07-2019 - Tuesday
വാഷിംഗ്‌ടണ്‍ ഡി.സി: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ അജപാലക പദ്ധതികള്‍ക്കായി പതിനഞ്ചുലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുവാന്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയിലെ (USCCB) ആഫ്രിക്കന്‍ സഭകള്‍ക്ക് വേണ്ടിയുള്ള ഉപസമിതിയുടെ യോഗത്തില്‍ തീരുമാനമായി. സോളിഡാരിറ്റി ഫണ്ട് വഴിയാണ് ധനസഹായം നല്‍കുക. നാഷണല്‍ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും, യുവ നേതാക്കള്‍ക്കും നല്‍കുന്ന പരിശീലന പദ്ധതി, കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുവാനും, അവയെ കൈകാര്യ ചെയ്യുവാനുള്ള പരിശീലനവും നല്‍കുന്നതിനായി കിഴക്കന്‍ ആഫ്രിക്കയിലെ എട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന 5 ദിവസത്തെ കോണ്‍ഫറന്‍സ് തുടങ്ങിയവ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം തെക്കന്‍ ആഫ്രിക്കയിലെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള സെമിനാരി റെക്ടര്‍മാര്‍ക്കും, കത്തോലിക്കാ പ്രൊഫസ്സര്‍മാര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനമായ ‘ലൗദാത്തോ സി’യെ കുറിച്ചുള്ള പഠനപരിപാടി, മലാവിയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള മറുപടിയായി കുടുംബ കൂട്ടായ്മകളുടെ രൂപത നേതാക്കള്‍ക്കും, 8 രൂപതകളില്‍ നിന്നുള്ള വിവാഹ, കുടുംബ കൗണ്‍സിലര്‍മാര്‍ക്കുമായി നാഷണല്‍ പാസ്റ്ററല്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പരിശീലന പദ്ധതി തുടങ്ങിയവയും ഉള്‍പ്പെടുന്നു.
പൗരോഹിത്യ, സന്യാസി സന്യാസിനി രൂപീകരണത്തിനും, സുവിശേഷ പ്രഘോഷണത്തിനും, കുടുംബ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും, അത്മായ നേതൃത്വ പരിശീലനങ്ങള്‍ക്കും ഈ ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കുന്നുണ്ട്. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഉപസമിതി ചെയര്‍മാനായ കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ ആഫ്രിക്കന്‍ സഭകളെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങിയ അമേരിക്കയിലെ ഉദാരമനസ്കരായ വിശ്വാസികള്‍ക്ക് നന്ദി അറിയിച്ചു. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഫണ്ട് ശേഖരണത്തിന്റെ ചുമതല നിര്‍വഹിക്കുന്ന കമ്മിറ്റിയുടെ ഒരു ഭാഗമായ ഉപസമിതിയാണ് ആഫ്രിക്കന്‍ സഭക്ക് വേണ്ടിയുള്ള സോളിഡാരിറ്റി ഫണ്ടിന്റെ മേല്‍നോട്ടം നടത്തുന്നത്.