News - 2024

ആഗോള തലത്തിലെ മതപീഡനത്തെ അപലപിച്ച് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 19-07-2019 - Friday

വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്‍റെ പേരില്‍ മനുഷ്യരോടു കാട്ടുന്ന അനീതി, അതിക്രമം, വിവേചനം എന്നിവയെ അപലപിച്ച് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി, മോണ്‍സീഞ്ഞോര്‍ ആന്‍റോണ്‍ കമിലേരി. ജൂലൈ 15 തിങ്കളാഴ്ച രക്തസാക്ഷിയായ അപ്പസ്തോലന്‍ ബര്‍ത്തലോമിയായുടെ നാമത്തില്‍ റോമിലെ ടൈബര്‍ ദ്വീപിലുള്ള ബസിലിക്കയില്‍ പ്രസിദ്ധപ്പെടുത്തിയ ക്രൈസ്തവ പീഡനത്തെ സംബന്ധിച്ച ആഗോള അവലോകനത്തിലാണ് അദ്ദേഹം മതപീഡനത്തെ അപലപിച്ചത്.

തങ്ങളില്‍നിന്നും വ്യത്യസ്ത മതസ്ഥരായതുകൊണ്ടു മാത്രം ജീവനോടു യാതൊരു ആദരവുമില്ലാതെ ഭീകരവാദികള്‍ കൊന്നൊടുക്കുകയും, അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന സമൂഹങ്ങളും വ്യക്തികളും സ്ഥാപനങ്ങളും നിരവധിയാണ്. ചുറ്റും നടമാടുന്ന ഭീകരതയുടെ ദാരുണമായ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മതസമൂഹങ്ങളും, സ്ഥാപനങ്ങളും വ്യക്തികളും വ്യാപകമായി നേരിടുന്ന പീഡനങ്ങള്‍ അവഗണിക്കാനാവുന്നതല്ല. മതപീഡനത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാതെയും, രാജ്യാന്തര സമൂഹങ്ങളില്‍നിന്നുമുള്ള ചെറിയ ലജ്ജയുടെ മുഖത്തുടിപ്പു മാത്രം പ്രകടമാക്കിക്കൊണ്ട് അവ കടന്നുപോകുന്നു.

എന്നാല്‍ ലാഘവത്തോടെ ആവര്‍ത്തിക്കപ്പെടുന്ന ഇപ്രകാരമുള്ള അതിക്രമങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് വളരെ ഖേദകരമായ നിരീക്ഷണമാണ്. ക്രൈസ്തവരോടൊപ്പം മറ്റു മതങ്ങളിലും വിശ്വസത്തിന്‍റെ പേരില്‍ ആയിരങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളെയും വത്തിക്കാന്‍ സ്മരിച്ചു. മതപീഡനം മനുഷ്യന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ്. അതിനാല്‍ അകാരണമായി എവിടെയും പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവരുടെ വേദന അവരുമായി ആത്മീയബന്ധമുള്ള ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുള്ള സകല ക്രൈസ്തവരുടെയും മനോവ്യഥയും പീഡനവുമാണെന്നും അവലോകനത്തില്‍ മോണ്‍സീഞ്ഞോര്‍ ആന്‍റോണ്‍ കമിലേരി നിരീക്ഷിച്ചു.


Related Articles »