Life In Christ - 2025

ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ച് എബോള ഇരകള്‍ക്ക് ആശ്വാസമേകാന്‍ ഡോ. കെന്റ് വീണ്ടും ആഫ്രിക്കയിലേക്ക്

സ്വന്തം ലേഖകന്‍ 25-07-2019 - Thursday

ടെക്സാസ്: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള രോഗികള്‍ക്കിടയില്‍ പ്രേഷിത സേവനം നടത്തുന്നതിനിടെ രോഗം ബാധിക്കുകയും മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത ക്രൈസ്തവ വിശ്വാസിയായ ഡോക്ടര്‍ വീണ്ടും മിഷ്ണറി ദൌത്യവുമായി ആഫ്രിക്കയിലേക്ക്. താനും, തന്റെ ഭാര്യയും രണ്ടുമക്കളും ഉടന്‍തന്നെ തെക്കേ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലേക്ക് പോകുമെന്ന് ആഗോള ശ്രദ്ധ ആകര്‍ഷിച്ച ഡോ. കെന്റ് ബ്രാന്റ്ലി ‘ക്രിസ്റ്റ്യന്‍ ക്രോണിക്കിള്‍’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമായാണ് തങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് വിചിന്തനം ചെയ്തതെന്നും ഓരോ കാല്‍വെപ്പിലും ദൈവം ഞങ്ങള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്നു തന്നുവെന്നും ഡോ. കെന്റ് തുറന്ന്‍ സമ്മതിക്കുന്നു.

അഞ്ചു വര്‍ഷം നീണ്ട രോഗശാന്തിയിലൂടേയും, ആത്മീയ വളര്‍ച്ചയിലൂടേയുമായിരുന്നു തങ്ങള്‍ കടന്നുപോയതെന്നും, ലൈബീരിയയിലേക്ക് പോകുന്നതിന് മുന്‍പ് നടത്തിയതിനേക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ലൈബീരിയയിലെ മോണ്‍റോവിയയില്‍ ഇവാഞ്ചലിക്കല്‍ റിലീഫ് ഓര്‍ഗനൈസേഷന്‍ സമരിറ്റന്‍സ് പഴ്സ് എന്ന സംഘടനക്കൊപ്പം മെഡിക്കല്‍ മിഷ്ണറിയായി എബോള രോഗികളെ ചികിത്സിക്കവേയാണ് ഡോ കെന്റിന് 'എബോള ഹീമറേജിക്ക് ഫിവര്‍' എന്നറിയപ്പെടുന്ന രോഗബാധയുണ്ടാകുന്നത്. തിരികെ അമേരിക്കയിലെത്തിയ അദ്ദേഹം അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിച്ചു.

മൂന്നാഴ്ചയോളം അദ്ദേഹം അടിയന്തര ശുശ്രൂഷ വിഭാഗത്തിലായിരുന്നു. തനിക്ക് എബോള വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയ നാളുകളില്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്താണ് ഓരോ ദിവസവും നീക്കീയതെന്ന് ഡോ. കെന്റ് പറയുന്നു. “ദൈവമേ നിന്നെ സേവിക്കുവാനാണ് ഞാന്‍ ഇവിടെ വന്നത്. ഞാന്‍ നിന്നെ മഹത്വപ്പെടുത്തുവാന്‍ ആഗ്രഹിച്ചു” എന്ന തന്റെ അപേക്ഷ ദൈവം കേട്ടു, തന്റെ വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും ഡോ. കെന്റ് തുറന്നു സമ്മതിക്കുന്നു. അസുഖം ഭേദമായശേഷം കെന്റും, ഭാര്യയും അന്നത്തെ യു.എസ്. പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആ വര്‍ഷത്തെ ടൈം മാഗസിന്റെ ‘പേഴ്സന്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടതും ഡോ. കെന്റ് തന്നെയാണ്. ക്രിസ്റ്റ്യന്‍ ഹെല്‍ത്ത് സര്‍വീസ് കോര്‍പ്സ് എന്ന സംഘടനയുടെ ഭാഗമായി സാംബിയയിലെ മുകിന്‍ഗെയിലെ മിഷന്‍ ആശുപത്രിയിലാണ് ഡോ. കെന്റ് ഇനി സേവനം ചെയ്യുവാന്‍ പോകുന്നത്. ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2014-16 കാലയളവില്‍ എബോള ബാധയെ തുടര്‍ന്നു പടിഞ്ഞാറന്‍ ആഫ്രിക്കയിലെ 11,325 ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കിടയില്‍ ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ച് ദൌത്യം തുടരാന്‍ ഇനി ഡോ. കെന്റ് ബ്രാന്റ്ലിയും ഉണ്ടാകും.

More Archives >>

Page 1 of 10