Life In Christ

ഡൗൺ സിൻഡ്രോം കൃപയാക്കി മാറ്റുന്ന ക്രിസ്തുവിന്റെ സന്യാസിനിമാർ

സ്വന്തം ലേഖകന്‍ 26-07-2019 - Friday

ലെ ബ്ലാങ്ക്: ഡൗൺ സിൻഡ്രോം രോഗ അവസ്ഥയെ ദൈവകൃപയാക്കി മാറ്റുന്ന ഫ്രാന്‍സിലെ 'ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപ്പിൾസ് ഓഫ് ദി ലാംപ്' എന്ന സന്യാസിനി സഭ വാർത്തകളിൽ ഇടം നേടുന്നു. സമൂഹം തങ്ങളുടെ ജീവിതത്തിനു അർത്ഥം കണ്ടെത്താൻ പ്രയാസപ്പെടുമ്പോഴും ജീവന് മൂല്യം നൽകാതെ വരുമ്പോഴും മനുഷ്യ വ്യക്തിത്വത്തിന്റെയും, ജീവന്റെയും മൂല്യം ദൈവീക സമര്‍പ്പണത്തിലൂടെ ലോകത്തോട് ഉറക്കെ പ്രഘോഷിക്കുകയാണ് ഈ സന്യാസിനി സഭ. വിശുദ്ധ ബെനഡിക്ടിനോടും ലിസ്യൂവിലെ വിശുദ്ധ തെരേസയോടും പ്രത്യേക മാനസിക അടുപ്പമുള്ള സന്യാസിനി സമൂഹമാണ് ഇവരുടേത്.

1980കളിൽ വെറോണിക്ക എന്ന ഡൗൺ സിൻഡ്രോം ബാധിച്ച യുവതി സന്യാസിനിയാകാനുളള ആഗ്രഹം സഫലീകരിക്കാൻ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. പക്ഷേ ഒരു സ്ഥലത്തും വെറോണിക്കയുടെ ആവശ്യത്തിനും മറുപടി ലഭിച്ചില്ല. ഇതിനിടയിൽ കുട്ടികളുടെ ഇടയിൽ ശുശ്രൂഷ നടത്താൻ ഹൃദയത്തിൽ ആഗ്രഹവുമായി നടക്കുന്ന ലൈൻ എന്ന സ്ത്രീയെ വെറോണിക്കയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവാകുന്നത്. വെറോണിക്കയ്ക്കു സന്യാസ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുവാനുള്ള ആഗ്രഹം ലൈന്‍റെ ഹൃദയത്തിൽ നിറഞ്ഞു.

ഈ സമയത്ത് കാനാൻ നിയമപ്രകാരം മാനസിക വൈകല്യമുള്ളവർക്ക് സന്യാസ സഭകളിലേക്കുള്ള പ്രവേശനം അനുവദനീയമായിരിന്നില്ല. 14 വർഷമെടുത്താണ് ഒരു പ്രത്യേക സമൂഹം എന്ന പദവി ഇവർ നേടിയെടുത്തത്. ചെറിയൊരു അപ്പാർട്ട്മെന്റിലായിരുന്നു കൂട്ടായ്മയായിരിന്നു തുടക്കം. ടൂറ്സിലെ ആർച്ച് ബിഷപ്പായിരുന്ന ജിയാൻ ഹോനോറായിരുന്നു ഇവർക്ക് അൽമായരുടെ ഒരു പൊതു കൂട്ടായ്മയായി റോമിലെത്തി അംഗീകാരം കരസ്ഥമാക്കി നല്‍കിയത്. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം ഇവർക്ക് സന്യാസിനി സഭ എന്നുള്ള ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

ആകെ പത്ത് അംഗങ്ങളുള്ള സന്യാസ സഭയില്‍ എട്ടുപേർ ഡൗൺ സിൻഡ്രോം ബാധിച്ചവരാണ്. മദർ ലൈനാണ് ഇവരുടെ സുപ്പീരിയർ. പല സന്യാസിനി സഭകളും നിയമത്തിന്റെ പരിമിതികള്‍ മൂലം പ്രവേശനം നിഷേധിക്കേണ്ടി വന്നപ്പോള്‍ 2009ൽ നിത്യ വ്രതം സ്വീകരിച്ച സിസ്റ്റർ വെറോണിക്കയ്ക്ക് ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അനുഭവമായിരുന്നു. ഇന്ന് തങ്ങളുടെ ബലഹീനമായ അവസ്ഥ ക്രിസ്തുവിനു പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ദൈവരാജ്യത്തിന് വേണ്ടി നിസ്തുലമായ ശുശ്രൂഷ ചെയ്യുകയാണ് ഈ പത്തു രത്നങ്ങള്‍.

More Archives >>

Page 1 of 10