News - 2024

ക്രൈസ്തവ വംശഹത്യയിൽ സർക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി നൈജീരിയൻ ബിഷപ്പ്

സ്വന്തം ലേഖകന്‍ 29-07-2019 - Monday

അബൂജ: തീവ്ര ഇസ്ലാമികവാദികളില്‍ നിന്നും വംശഹത്യ ഭീഷണി നേരിടുന്ന ക്രൈസ്തവർക്കായി സ്വരമുയര്‍ത്തി നൈജീരിയയിലെ അബൂജ ആർച്ച് ബിഷപ്പായ ഇഗ്നേഷ്യസ് കൈകാമ. ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികളെ വിമർശിക്കാതെ ക്രൈസ്തവരെയാണ് പ്രാദേശിക ഭരണകൂടം വിമർശിക്കുന്നതെന്ന് ബിഷപ്പ് ഇഗ്നേഷ്യസ് കൈകാമ പറഞ്ഞു. അതിക്രമം നടത്തിയവരെ വിമർശിക്കാതെ ഗോത്രങ്ങളുടെയും മതത്തിന്റെയും പേരിലാണ് അക്രമങ്ങൾ എന്നുപറഞ്ഞ് ഇരകളെ വിമർശിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ അദ്ദേഹം അതീവ ദുഃഖം പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന അക്രമ സംഭവങ്ങളില്‍ സർക്കാരിന്റെ നിരീക്ഷണം എത്തിയില്ലായെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. പോലീസ് ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെട്ടപ്പോൾ തനിക്ക് ലഭിച്ച മോശം മറുപടിയും അദ്ദേഹം പങ്കുവെച്ചു.

'നിങ്ങളുടെ ആളുകൾക്ക് യുദ്ധം ചെയ്യുന്നത് ഇഷ്ടമാണ്' എന്ന മറുപടിയാണ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞത്. ജൂലൈ 15നു ജൂബിലി ക്യാമ്പയിൻ മനുഷ്യാവകാശ സംഘടന പ്രസിദ്ധപ്പെടുത്തിയ "നൈജീരിയ: ദി ജിനോസൈഡ് ഈസ് ലോഡിങ്" എന്ന റിപ്പോര്‍ട്ടില്‍ മുസ്ലിം ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ ക്രൈസ്തവർക്ക് നേരെ നടത്തുന്ന കൊലപാതകങ്ങൾ വംശഹത്യയുടെ വക്കിലെത്തിയെന്ന് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് നെതർലന്‍റ്സിലെ ഹേഗിലുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. തീവ്ര ഇസ്ളാമിക നിലപാടുള്ള ഫുലാനികള്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തോളം ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നതായി ജൂബിലി ക്യാമ്പയിൻ അധ്യക്ഷയായ ആൻ ബുവാൾഡ വെളിപ്പെടുത്തി. വിഷയത്തില്‍ ആഗോള ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Related Articles »