News - 2025
ഇറാഖി ക്രൈസ്തവര്‍ക്ക് പുതുജീവനേകാന്‍ കുർദ്ദിസ്ഥാനില്‍ രൂപത പുനഃസ്ഥാപിച്ചു
സ്വന്തം ലേഖകന്‍ 28-08-2019 - Wednesday
ഇര്‍ബില്‍: ക്രൈസ്തവരുടെ പീഡന ഭൂമിയായ ഇറാഖിലെ വിശ്വാസികൾക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ ഇറാഖിലെ സിറിയൻ കത്തോലിക്കാ സഭ കുർദ്ദിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായിരുന്ന രൂപത പുനഃസ്ഥാപിച്ചു. ഓഗസ്റ്റ് 24നു ഇര്‍ബിലിലെ സമാധാനരാജ്ഞിയുടെ ദേവാലയത്തിൽവെച്ചാണ് രൂപതയുടെ പുനഃപ്രഖ്യാപനവും വിശുദ്ധ കുർബാന അർപ്പണവും നടന്നത്. ചടങ്ങുകള്‍ക്ക് സിറിയന്‍ കത്തോലിക്കാ സഭയുടെ പാത്രീയാര്‍ക്കീസ് ഇഗ്‌നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ യൂഹാനാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഭീഷണികൾക്കു നടുവിലും വിശ്വാസത്തിന്റെ ആൾരൂപങ്ങളായി മാറിക്കൊണ്ട് നൽകുന്ന സാക്ഷ്യം ഏത് പൈശാചിക പ്രവർത്തനങ്ങൾക്കു നടുവിലും ക്രിസ്തുവിലുള്ള പ്രത്യാശയിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലായെന്ന് വ്യക്തമാക്കുകയാണെന്ന് പാത്രിയർക്കീസ് സന്ദേശത്തിൽ വെളിപ്പെടുത്തി.രക്ഷകനായ ക്രിസ്തുവിനെപ്പോലെ ദൈവം അനുവദിച്ച കുരിശുകൾ വഹിച്ചുകൊണ്ട് സാക്ഷ്യം നല്‍കുന്ന പീഡിത സമൂഹം ലോകമെമ്പാടും ഒരുപോലെ പ്രശംസിക്കപ്പെടുന്നതിനു കാരണമാകുന്നതായി പാത്രിയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച് ബിഷപ്പ് നതാനിയേല്‍ നിസാര്‍ സെമാനാണ് ഹഡിയാബ്-ഇര്‍ബില്‍ കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യ മുഴുവന്റെയും അധ്യക്ഷ സ്ഥാനം വഹിക്കുക. പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ രൂപതാ സ്ഥാപിക്കപ്പെടുന്നത്. ലക്ഷകണക്കിന് വിശ്വാസികള്‍ രൂപതയ്ക്ക് കീഴില്‍ ഉണ്ടായിരിന്നു. 2003 ൽ ഇസ്ലാമിക് തീവ്രവാദികളുടെ ആവിര്‍ഭാവത്തോടെ വിശ്വാസികള്‍ ചിതറിക്കപ്പെടുകയായിരിന്നു.