Life In Christ - 2025
ഫിലിപ്പീന്‍സിലെ തെരുവ് ബാലന്‍ വിശുദ്ധ പദവിയിലേക്കുള്ള യാത്രയില്‍
സ്വന്തം ലേഖകന്‍ 31-08-2019 - Saturday
മനില: ഫിലിപ്പീന്‍സിലെ ചേരിയില്‍ ജനിച്ച് ചേരിയില്‍ വളര്‍ന്ന് പതിനേഴാമത്തെ വയസ്സില്‍ ലോകത്തോട് വിടപറഞ്ഞ തെരുവ് ബാലന്റെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയെ ആശ്ചര്യത്തോടെ ഉറ്റു നോക്കുകയാണ് ലോകം. ‘ഡൂഷീന്‍ മസ്കുലര്‍ ഡിസ്ട്രോഫി’ എന്ന ഗുരുതര രോഗത്തോട് മല്ലടിച്ച് 2012-ല്‍ ഇഹലോകവാസം വെടിഞ്ഞ ഫിലിപ്പീന്‍സിലെ ദൈവദാസന്‍ ഡാര്‍വിന്‍ റാമോസിന്റെ വിശുദ്ധീകരണത്തിന്റെ രൂപതാതല നടപടികള്‍ക്ക് മനിലയിലെ കുബാവോ രൂപതയിലാണ് തുടക്കമായിരിക്കുന്നത്. 1994-ജനിച്ച ഈ തെരുവ് ബാലന്‍ ഏഴ് വയസുള്ളപ്പോള്‍ ‘ബ്രിഡ്ജ് ഫോര്‍ ചില്‍ഡ്രന്‍’ എന്ന സംഘടന ഏറ്റെടുത്തതോടെയാണ് ചേരി വാസത്തിന് അറുതിയായത്. അപ്പോഴേക്കും രോഗത്തിന്റെ ആരംഭ ഘട്ടം അവനില്‍ പിന്നിട്ടിരിന്നു.
‘ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ’ എന്ന വൈകല്യം ബാധിച്ച കുട്ടികള്‍ക്കായുള്ള കേന്ദ്രത്തിലായിരുന്നു പിന്നീട് അവന്റെ വാസം. 2006-ലാണ് തന്റെ കത്തോലിക്കാ വിശ്വാസത്തെ അറിയുകയും സ്വീകരിക്കുകയും ചെയ്തത്. തന്റെ രോഗത്തെ ഒരു ദൗത്യവും സഹനവുമായിട്ടാണ് ഡാര്‍വിന്‍ കണ്ടത്. “എനിക്ക് ഈ അവസ്ഥ എനിക്ക് ഒരു ദൗത്യമാണ്. ഇതു വഴി ഞാന്‍ ദൈവത്തെ കൂടുതല്‍ നന്നായി അറിയുന്നു. യേശുവിന് എല്ലാം അറിയാം. നമ്മേക്കാള്‍ നന്നായി അറിയാം” എന്നായിരുന്നു തന്റെ രോഗത്തെക്കുറിച്ച് ഡാര്‍വിന് പറയാനുണ്ടായിരുന്നത്. രോഗത്തിന്റെ കാഠിന്യം വഹിക്കുമ്പോഴും അവന്റെ പ്രത്യാശ യേശുവിലായിരിന്നു.
ഇക്കഴിഞ്ഞ മെയ് 31നാണ് നാമകരണ പരിപാടികള്‍ ആരംഭിക്കുവാനുള്ള വത്തിക്കാന്റെ അനുവാദം കുബാവോ രൂപതക്ക് ലഭിക്കുന്നത്. ഡാര്‍വിന്റെ ജീവിതത്തിലെ അവസാനനാളുകളില്‍ അവനെ നേരിട്ടുകണ്ടിട്ടുള്ള ഫാ. തോമസ് ഡെഗബോരെ എന്ന ഫ്രഞ്ച് പുരോഹിതനാണ് നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് കുബാവോ രൂപതയുടെ മെത്രാനായ മോണ്‍. ഹോണസ്റ്റോ ഫ്ലോര്‍സ് ഓങ്ങ്ടിയോക്കോയാണ് ഇതുസംബംന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡാര്‍വിന്റെ അമ്മ എര്‍ലിന്‍ഡ റാമോസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ലാളിത്യവും വിശുദ്ധിയുമാണ് ഡാര്‍വിനെ വ്യത്യസ്ഥനാക്കിയതെന്നും നാം ഓരോരുത്തരും ദൈവത്താല്‍ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നും വാര്‍ത്താസമ്മേളനത്തിന് ശേഷം അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനക്കിടെ മോണ്‍. ഓങ്ങ്ടിയോക്കോ പറഞ്ഞു.