Life In Christ

പതിനഞ്ചുകാരന്‍ ബാരില: പോളണ്ടിന്റെ പുതിയ കത്തോലിക്ക ഹീറോ

സ്വന്തം ലേഖകന്‍ 13-08-2019 - Tuesday

പ്ലോക്ക്, പോളണ്ട്: കൈയില്‍ ഉയര്‍ത്തിപ്പിടിച്ച കുരിശു രൂപവും ജപമാലയുമായി സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയ്ക്കെതിരെ പ്രതിഷേധിച്ച കൗമാരക്കാരൻ പോളണ്ടിന്റെ പുതിയ കത്തോലിക്കാ ഹീറോ. ജാകുബ് ബാരില എന്ന പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയാണ് പോളണ്ടിന്റെ ധീരതയുടെ പര്യായമായി മാറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച പ്ലോക്ക് നഗരത്തില്‍ ആയിരത്തിലധികം സ്വവര്‍ഗ്ഗാനുരാഗികള്‍ നടത്തിയ എല്‍ജിബിറ്റി ഈക്വാളിറ്റി (സമത്വ) പരേഡാണ് ആയുധധാരികളായ പോലീസിനേപ്പോലും ഭയപ്പെടാതെ ജാകുബ് ബാരില ഒറ്റക്ക് തടഞ്ഞത്. കുരിശു രൂപവും ജപമാലയുമായി മാര്‍ച്ച് തടയുന്ന ബാരിലയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പ്രകടന വീഥിയില്‍ വഴിമുടക്കി നിന്ന ബാരിലയെ അവസാനം പോലീസിന് ബലം പ്രയോഗിച്ചാണ് നീക്കിയത്. 1920-ലെ ബോള്‍ഷേവിക്കുകളുമായുള്ള വാഴ്സോ യുദ്ധത്തില്‍ കത്തോലിക്കാ പുരോഹിതനായ ഫാ. ഇഗ്നാസി സ്കോരുപ്കോ കാണിച്ച ധീരതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കുരിശുരൂപവുമായി മാര്‍ച്ച് തടയുവാന്‍ തീരുമാനിച്ചതെന്നു ബാരില പ്രതികരിച്ചു. പോളിഷ് സൈന്യത്തിലെ പുരോഹിതനും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിലെ രക്തസാക്ഷിയുമാണ്‌ ഫാ. സ്കോരുപ്കോ. വാഴ്സോ യുദ്ധത്തില്‍ കൈയിലുയര്‍ത്തിയ കുരിശുരൂപവുമായി സൈന്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് മുന്നേറുവാന്‍ പോളിഷ് സൈനികരെ പ്രചോദിപ്പിച്ചത് ഫാ. സ്കോരുപ്കോ ആയിരുന്നു.

സെസ്റ്റോച്ചോവയിലെ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപത്തെ വികലമാക്കികൊണ്ട് പ്രകടനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രവും ഇത്തരത്തില്‍ പ്രതികരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ബാരില വെളിപ്പെടുത്തി. വിശ്വാസത്തിന്റേയും ധാര്‍മ്മിക മൂല്യങ്ങളുടെയും സംരക്ഷണത്തിനായി ബാരില കാണിച്ച ധീരത അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ബാരിലയുടെ ധീരതയെ വാഴ്ത്തികൊണ്ടു നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ അജണ്ട പാശ്ചാത്യ സംസ്കാരത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുമ്പോള്‍ ബാരിലയേപ്പോലെയുള്ളവര്‍ സഭക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്.

More Archives >>

Page 1 of 11