Life In Christ - 2025
ഐഎസ് ഭീഷണിക്ക് നടുവിലും വിശ്വാസികളാല്‍ നിറഞ്ഞ് ഫിലിപ്പീന്‍സ് ദേവാലയങ്ങൾ
സ്വന്തം ലേഖകന്‍ 13-08-2019 - Tuesday
മനില: ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിക്കു നടുവിലും വിശ്വാസികളാല്‍ നിറഞ്ഞ് ഫിലിപ്പീൻസിലെ ദേവാലയങ്ങള്‍. ക്രൈസ്തവ ആരാധനാലയങ്ങളെ സൂചിപ്പിച്ച് ദേവാലയങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന് പൻഗാസിനൻ പ്രവിശ്യയിലെ മനോഗ് നഗരത്തിൽ നിരവധി തവണ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഭീഷണി മുഴക്കിയിരിന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് ആയിരങ്ങളാണ് ഓരോ ദേവാലയങ്ങളിലും എത്തിയത്. ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈദ് ആഘോഷിച്ച ഇസ്ലാം മതവിശ്വാസികളും ഞായറാഴ്ച ദേവാലയങ്ങളില്‍ എത്തിയിരിന്നു.
തീവ്രവാദി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മനോഗ് നഗരത്തിലെ ജപമാല റാണിയുടെ ബസലിക്കയ്ക്ക് വൻ സുരക്ഷയാണ് സർക്കാർ ഒരുക്കിയത്. കഴിഞ്ഞാഴ്ച മാധ്യമങ്ങളിൽ പുറത്തായ മിലിറ്ററിയുടെ രഹസ്യ കുറിപ്പില്‍ ദ്വീപ് പ്രദേശമായ ഉത്തര ലുസോണിലെ ദേവാലയങ്ങള്‍ക്കു ഭീഷണിയുള്ളതായി പരാമര്‍ശമുണ്ടായിരിന്നു. എന്നാൽ ദേവാലയം തിങ്ങിനിറഞ്ഞ് അന്ന് വൻജനാവലിയാണ് വിശുദ്ധ കുർബാനയ്ക്ക് എത്തിയതെന്നു വൈദികനായ ഫാ. ആന്റണി യൂഡോള പറഞ്ഞു. ഭയത്തെക്കാള്‍ വലുത് വിശ്വാസമാണെന്ന് ജനങ്ങൾ തെളിയിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഡൊമിനിക്കൻ വൈദികനായ അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തിനെതിരെ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ഇസ്ലാം മത വിശ്വാസികളും ബസലിക്കയുടെ പുറത്ത് എത്തിച്ചേർന്നിരുന്നു.