Life In Christ

വിശുദ്ധ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ട് പോളിഷ് സൈനികരുടെ തീർത്ഥയാത്ര

സ്വന്തം ലേഖകന്‍ 24-08-2019 - Saturday

പൊഡ്ലസ്കി: പോളണ്ടിലെ ക്രിസ്തീയ പ്രാധാന്യമേറിയ ഗ്രബാർക്കയിലേക്ക് കുരിശും വഹിച്ചുകൊണ്ട് പോളിഷ് സൈനികര്‍ നടത്തിയ തീർത്ഥാടനം പ്രാര്‍ത്ഥനാനിര്‍ഭരമായി. പോളിഷ് സൈനികർക്കായുള്ള യുക്രേനിയൻ ഓർത്തഡോക്സ് സഭയുടെ മിലിട്ടറി ഓർഡിനറിയേറ്റാണ് രാജ്യത്തെ ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധ സ്ഥലമായ ഗ്രബാർക്കയിലേക്ക് ഇരുപത്തിനാലാമത് തീര്‍ത്ഥയാത്ര നടത്തിയത്. ഓഗസ്റ്റ് 18 മുതൽ 20 വരെ നടന്ന തീർത്ഥാടനം പ്രതിരോധ മന്ത്രാലയം ഏകോപിപ്പിച്ചു. ബലാറസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലയായ ഗ്രബാർക്കയിലാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണ ദേവാലയവും, സ്ത്രീകൾക്കായുള്ള സന്യാസിനീ ഭവനവുമുളളത്.

1710-ല്‍ സാംക്രമിക രോഗം പോളണ്ടിലെ പൊഡ്ലസ്കി പ്രവിശ്യയില്‍ പടര്‍ന്ന്പിടിച്ചപ്പോള്‍ കുരിശും വഹിച്ചുകൊണ്ട് ഗ്രബാർക്ക മലയിലേക്ക് വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തുകയായിരിന്നു. രോഗം കത്തിപടര്‍ന്നപ്പോള്‍ ഗ്രബാർക്ക മലയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അഭയം പ്രാപിച്ചവര്‍ അതിനെ അതിജീവിച്ചെന്നാണ് പാരമ്പര്യം. ഇന്ന് ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകളാണ് കുരിശും വഹിച്ചുകൊണ്ട് ഈ സ്ഥലത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്നത്.

ഈ വർഷത്തെ തീർത്ഥാടനങ്ങളിൽ എണ്ണൂറോളം ആളുകള്‍ പങ്കെടുത്തു. റെയിൽവേ, വനം, അതിർത്തി, നികുതി തുടങ്ങിയ മറ്റ് അനേകം വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും സൈനികർക്കൊപ്പം മലയിൽ തീര്‍ത്ഥാടനവുമായി എത്തിച്ചേർന്നു. സ്ലോവാക്യ, യുക്രൈൻ തുടങ്ങിയ സമീപ രാജ്യങ്ങളിൽ നിന്നുള്ള സൈനികരും, ചാപ്ലിൻമാരും ഇവർക്കൊപ്പം ചേർന്നു. ഉയിർപ്പിന്റെ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടു കൂടിയാണ് തീർത്ഥാടനം ആരംഭിച്ചത്.

More Archives >>

Page 1 of 11