Life In Christ - 2025

ഓസ്ട്രേലിയായില്‍ അനേകരെ യേശുവിലേക്ക് അടുപ്പിച്ച് ഒരു ചൈനക്കാരി

സ്വന്തം ലേഖകന്‍ 01-08-2019 - Thursday

ബെയ്ജിംഗ്: ഇരുപതു വർഷം ചൈനയില്‍ തടവറയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരിന്നു എണ്‍പത്തിയാറു വയസ്സുകാരിയായ തെരേസ ലൂ. ഇന്ന് ചൈനീസ് കുടിയേറ്റക്കാരെയും ഓസ്ട്രേലിയന്‍ ജനതയെയും യേശുവിലേക്ക് നയിക്കുന്നതും ഈ എണ്‍പത്തിയാറു വയസ്സുകാരിയാണെന്നതാണ് ശ്രദ്ധേയം. 1957 മുതൽ 1977 വരെയാണ് തെരേസ ലൂ ചൈനയിലെ ജയിലിൽ കഴിഞ്ഞിരുന്നത്. വിചാരണ പോലും ചെയ്യാതെയാണ് തെരേസയെ കമ്യൂണിസ്റ്റ് സർക്കാർ ജയിലിലടച്ചത്. വിപ്ലവ വിരുദ്ധ സംഘടന എന്ന് കമ്മ്യൂണിസ്റ്റ് സർക്കാർ വിശേഷിപ്പിച്ചിരുന്ന ലീജിയൻ ഓഫ് മേരി എന്ന കത്തോലിക്ക അല്‍മായ സംഘടനയിൽ അംഗമായി എന്നതാണ് അവര്‍ ചെയ്ത കുറ്റം. പിന്നീട് ഒരിക്കൽ തുടർച്ചയായി ഏഴ് മാസം ഏകാന്ത തടവും തെരേസയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു.

കൂദാശകളും, ബൈബിളും നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും ജയിലിൽ പ്രാർത്ഥനയിൽ അഭയം പ്രാപിച്ച് വിശ്വാസം നെഞ്ചോട് ചേര്‍ത്ത് തെരേസ ലൂ തന്റെ ക്രിസ്തീയ മനോഭാവത്തെ ഊട്ടിയുറപ്പിക്കുകയായിരിന്നു. ഏകാന്തതയുടെ നാളുകളില്‍ കട്ടിലിൽ ജപമാല നിശബ്ദമായി ചൊല്ലിയാണ് തെരേസ സമയം നീക്കിയത്. "ഈശോയെ നീ അല്ലാതെ എനിക്ക് മറ്റൊന്നുമില്ല, നിന്നെ ഉപേക്ഷിക്കാൻ എനിക്ക് ഇടയാക്കരുതെ" എന്നായിരുന്നു തന്റെ പ്രാർത്ഥനയെന്ന്‍ തെരേസ വെളിപ്പെടുത്തുന്നു. ജയിൽ മോചിതയായതിനു ശേഷം 1980ൽ ഭർത്താവുമൊന്നിച്ച്, അവർ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരിന്നു. ഭർത്താവും 22 വർഷം ജയിലിൽ കഴിഞ്ഞ ആളായിരുന്നു.

ഇപ്പോൾ ദക്ഷിണ സിഡ്നിയിലുള്ള സെന്റ് മൈക്കിൾസ് ദേവാലയത്തിലെ അംഗമാണ് തെരേസ ലൂ. ചൈനീസ് ഭാഷയായ മന്‍ഡാരിനിലൂടെ ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാർക്ക് തെരേസ വിശ്വാസ പരിശീലനം നല്‍കിവരികയാണ്. ഇതിലൂടെ അനേകരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ അവർക്കു സാധിച്ചു. ആത്മീയതയില്‍ നിന്ന്‍ അകന്നും മാറുന്ന ഓസ്ട്രേലിയന്‍ ജനതക്ക് മുന്നില്‍ ഇന്നു സാക്ഷ്യം ജീവിതം നയിക്കുകയാണ് അവര്‍. പരിശുദ്ധ കുര്‍ബാനയോടുള്ള അതീവ ഭക്തി കാത്തുസൂക്ഷിയ്ക്കുന്ന തെരേസയെ കുറിച്ച് പറയാന്‍ ഇടവക വികാരിയായ ഫാദർ ജാനുസ് ബിനിക്കും നൂറുനാവാണ്. "പ്രാർത്ഥനയുടെ വ്യക്തി" എന്നാണ് തെരേസയെ അദ്ദേഹം വിശേഷിപ്പിച്ചത്.

More Archives >>

Page 1 of 10