News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം സെപ്തംബര്‍ നാലു മുതല്‍
സ്വന്തം ലേഖകന്‍ 31-08-2019 - Saturday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക സന്ദര്‍ശനം സെപ്തംബര്‍ 4നു ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മൊസാംബിക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലാണ് സമാധാന ദൂതുമായി പാപ്പ സന്ദര്‍ശനം നടത്തുക. ബുധനാഴ്ച ആരംഭിക്കുന്ന അപ്പസ്തോലിക യാത്ര സെപ്തംബര്‍ 10 ചൊവ്വാഴ്ച വരെ നീളും. സമാധാനം, സാഹോദര്യ കൂട്ടായ്മ, പ്രത്യാശ എന്നീ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് ഈ അപ്പസ്തോലിക സന്ദര്‍ശനം. പത്രോസിന്റെ പിന്തുടര്‍ച്ചക്കാരനായി സ്ഥാനമേറ്റതിന് ശേഷം പാപ്പ നടത്തുന്ന മുപ്പത്തിയൊന്നാമത് പ്രേഷിതയാത്രയാണ് ഇത്.
1988-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മൊസാംബിക്കിലേയ്ക്കും, 1989-ല്‍ മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ നാടുകളിലേയ്ക്കും രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലായി നടത്തിയ അപ്പസ്തോലിക യാത്രയാണ് ഫ്രാന്‍സിസ് പാപ്പ ഒരാഴ്ച നീളുന്ന പ്രേഷിത യാത്രയാക്കി പദ്ധതിയിട്ടിരിക്കുന്നത്. സെപ്തംബര്‍ 4, 5, 6 തീയതികളില്‍ മൊസാംബിക്കിലും 7, 8 തീയതികളില്‍ മഡഗാസ്ക്കറിലും 9, 10 തീയതികളില്‍ മൗറീഷ്യസിലുമായാണ് പാപ്പയുടെ സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി ഈ രാജ്യങ്ങളിലെ ജനങ്ങളെ അഭിവാന്ദനം ചെയ്തുകൊണ്ടുള്ള പാപ്പയുടെ സന്ദേശം കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിരിന്നു.