Life In Christ

സോഷ്യൽ മീഡിയയിലെ താരമായി തൊണ്ണൂറ്റിയെട്ടുകാരന്‍ കപ്പൂച്ചിൻ സന്യാസി

സ്വന്തം ലേഖകന്‍ 01-09-2019 - Sunday

സാവോ പോളോ: നവ മാധ്യമങ്ങളില്‍ അക്കൌണ്ട് ഇല്ലെങ്കിലും തൊണ്ണൂറ്റിയെട്ടു വയസ്സുള്ള കപ്പൂച്ചിൻ സന്യാസി ഫാ. റോബർട്ടോ മരിയ ഡി മരക്കാനുവാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം. പ്രായാധിക്യത്തിന്റെ അവശതകള്‍ ഒരു വശത്ത് നിലനില്‍ക്കുമ്പോള്‍ തന്റെ ഉറച്ച വിശ്വാസബോധ്യം കൊണ്ട് സാക്ഷ്യം നല്കിയിരിക്കുകയാണ് ഈ വയോധിക വൈദികന്‍. അടുത്തിടെ ഫോർട്ടലാസയിലുളള സേക്രട്ട് ഹാർട്ട് തീർത്ഥാടന ദേവാലയത്തിൽ വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾ യാതൊന്നും പരിഗണിക്കാതെ മുട്ടുകുത്തി കുമ്പിട്ട് തന്റെ വിശ്വാസം പ്രകടിപ്പിക്കുന്ന ഫാ. റോബർട്ടിന്റെ വീഡിയോ അനേകം പേരാണ് കണ്ടത്.

75 വർഷങ്ങൾക്ക് മുമ്പ് 1944 ഒക്ടോബർ ഒന്നാം തീയതി ഫാ. റോബർട്ട് പൗരോഹിത്യം സ്വീകരിച്ചത് ഈ ദേവാലയത്തിൽ നിന്നുമാണ്. ഫാ. റുവാൻ ആലിഫ് എന്ന വൈദികനാണ് വൈറലായ വീഡിയോ പകർത്തിയത്. ഇത് ആദ്യമായിട്ടല്ല ഈ കപ്പൂച്ചിൻ സന്യാസിയുടെ പ്രവർത്തി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രസീലിലെ ഏറ്റവും പ്രായംചെന്ന കപ്പൂച്ചിൻ വൈദികനായ അദ്ദേഹം ശാരീരിക ബലഹനീനതകളെ അവഗണിച്ച് എല്ലാദിവസവും വിശുദ്ധ കുർബാന അർപ്പിക്കുകയും ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.

2017ൽ നടത്തിയ ഒരു ആശുപത്രി സന്ദർശനത്തിനിടയിൽ ഒരു പോലീസുകാരന്റെ ശിരസ്സില്‍ ഫാ. റോബർട്ടോ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2016ൽ ഫോർട്ടലാസ രൂപത ആറ് കിലോമീറ്റർ നീണ്ടുനിന്ന ഒരു പാപപരിഹാരം പ്രദിക്ഷണം നടത്തിയിരുന്നു. വിശ്വാസികളുടെ കുമ്പസാരം കേട്ട് യാത്രയിലുടനീളം അദ്ദേഹം പങ്കെടുത്ത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പലതവണ ഷെയർ ചെയ്യപ്പെട്ടു. സെമിനാരി പ്രൊഫസർ, ഇടവക വൈദികൻ, സ്കൂൾ പ്രിൻസിപ്പൽ തുടങ്ങിയ അനേകം ചുമതലകൾ അദ്ദേഹം ഇതിനു മുന്‍പ് വഹിച്ചിട്ടുണ്ട്.

More Archives >>

Page 1 of 11