News - 2025
ഫാ. ഡേവിഡ് റ്റാൻഗോക്കു നൈജീരിയന്‍ ജനതയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
സ്വന്തം ലേഖകന്‍ 04-09-2019 - Wednesday
അബൂജ: നൈജീരിയയിലെ ജലിന്‍ഗോയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഫാ. ഡേവിഡ് റ്റാൻഗോയുടെ മൃതസംസ്കാരം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്നു. ജലിന്‍ഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ചാള്‍സ് ഹമ്മാവ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികന്‍ സമാധാനത്തിന്റെ സ്നേഹിതന്‍ ആയിരിന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഉണ്ടായ വേദനകള്‍ സര്‍വ്വതും ദൈവത്തിന് ഭരമേല്‍പ്പിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു. രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി യാത്രയിലായിരിക്കുമ്പോഴാണ് അദ്ദേഹം മരണം ഏറ്റുവാങ്ങിയതെന്നും ബിഷപ്പ് സ്മരിച്ചു.
ഫാ. ഡേവിഡ് റ്റാൻഗോയുടെ മരണം കത്തോലിക്ക സഭക്ക് മാത്രമല്ല നഷ്ടമുളവാക്കിയതെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹത്തിനു മുഴുവന്‍ നഷ്ട്ടമാണെന്ന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ താരബ സ്റ്റേറ്റ് ചെയര്‍മാന്‍ ഏശയ്യാ ജിരപ്പ പ്രതികരിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നു പ്രാദേശിക ഗ്രൂപ്പുകളായ ടിവ്, ജുകുൻ എന്ന രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു അനുരഞ്ജന ചര്‍ച്ചയ്ക്കായി പോകുമ്പോഴായിരിന്നു ഫാ. ഡേവിഡ് റ്റാൻഗോ കൊല്ലപ്പെട്ടത്. വൈദികന്‍ കടന്നു പോയ വഴിയിൽ അക്രമികൾ വാഹനം തടഞ്ഞു തീകൊളുത്തുകയായിരിന്നു. കത്തിക്കരിഞ്ഞ വൈദികന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ നൈജീരിയന്‍ വിശ്വാസികള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചത് അനേകരെ കണ്ണീരിലാഴ്ത്തി. ജലിന്‍ഗോ രൂപത ആസ്ഥാനത്തുള്ള സെമിത്തേരിയിലാണ് വൈദികന്റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നത്.