India - 2024

നിരപരാധികളായ മിഷ്ണറിമാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം

10-09-2019 - Tuesday

തൊടുപുഴ: ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷ്ണറിമാര്‍ക്കു രാജ്യത്തു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം. മിഷ്ണറിമാര്‍ക്കെതിരെ കള്ളകേസെടുത്തു കല്‍ത്തുറങ്കിലടച്ചു ഭീതി സൃഷ്ടിക്കാനാണു ശ്രമം നടന്നുവരുന്നത്. നാടും വീടും ഉപേക്ഷിച്ചു നിര്‍ധന ജനവിഭാഗത്തിനിടയില്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിരപരാധികളായ മിഷ്ണറിമാരെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ സമീപനാളില്‍ വര്‍ധിച്ചുവരികയാണ്.

ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഭഗല്‍പുര്‍ രൂപതയില്‍ മതപരിവര്‍ത്തനം ആരോപിച്ചു മലയാളിയും തൊടുപുഴ സ്വദേശിയുമായ ഫാ.ബിനോയി ജോണ്‍ വടക്കേടത്തുപറന്പിലിനെയും സുവിശേഷ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നിരപരാധിയായ വൈദികനെ കള്ളക്കേസിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരാതി സംബന്ധിച്ചു കൃത്യമായ അന്വേഷണത്തിനു പോലും അധികൃതര്‍ തയാറായിട്ടില്ല. ഈ വേട്ടയാടല്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.


Related Articles »