News - 2025
അസാധാരണ മിഷ്ണറി മാസത്തിനു മുന്നോടിയായി ആഗോള തലത്തില്‍ ബൈബിൾ മാസാചരണം
സ്വന്തം ലേഖകന്‍ 10-09-2019 - Tuesday
ഉറുഗ്വേ: ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷ്ണറി മാസത്തിനു ദിവസങ്ങള്‍ ശേഷിക്കേ ബൈബിൾ മാസാചരണവുമായി വിവിധ രാജ്യങ്ങള്‍. പരമ്പരാഗതമായി സെപ്റ്റംബർ മുപ്പതാം തീയതി വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനത്തിന്റെ അനുസ്മരണമായാണ് ലാറ്റിനമേരിക്കയിലും മറ്റു ഭൂഖണ്ഡങ്ങളിലുമായി സെപ്തംബർ മാസം ബൈബിൾ മാസമായി ആചരിക്കുന്നത്. ഈ വർഷവും വിപുലമായ ആഘോഷങ്ങൾക്കാണ് വിവിധ മെത്രാൻ സമിതികൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ പ്രത്യേക നാളുകളെ പിന്തുണയ്ക്കാനും ആവേശപൂർണ്ണമാക്കാനും, ചിലിയിലെ മെത്രാൻ സമിതി പ്രത്യേക വെബ്സൈറ്റ് തന്നെ ആരംഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ബൈബിൾ പ്രാർത്ഥനകൾ ഉൾപ്പെടെയുള്ളവ പ്രസ്തുത വെബ്സൈറ്റിൽ ലഭ്യമാണ്.
"ദൗത്യവും, ജ്ഞാനസ്നാനവും ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ദൈവജനം" എന്നതാണ് ബൈബിൾ മാസാചരണത്തിന്റെ പ്രമേയം. ഇത് ഒക്ടോബറിലെ അസാധാരണ മിഷ്ണറി മാസത്തിനായുളള പ്രമേയത്തെ അനുസ്മരിപ്പിക്കുന്നതാണ്. 'ജ്ഞാനസ്നാനപ്പെടുത്തി അയക്കപെട്ടു' എന്ന ആപ്തവാക്യത്തിൽ നിന്നും പ്രചോദനം സ്വീകരിച്ച് ഉറുഗ്വേയിലെ സഭയും ബൈബിൾ മാസാചരണം നടത്തുന്നുണ്ട്. ഗ്വാട്ടിമാലയിലെ മെത്രാൻ സമിതിയും ബൈബിൾ മാസത്തിന് പ്രത്യേക ക്രമീകരണം നടത്തുന്നുണ്ട്. "ദൈവമായ കര്‍ത്താവിന്റ ആത്‌മാവ് എന്റെ മേലുണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു" എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വാക്യങ്ങളാണ് അവിടുത്തെ സഭയുടെ പ്രമേയ വിഷയം.