News - 2025
അശാന്തിയുടെ നടുവില്‍ നീതിക്കും സമാധാനത്തിനുമായി നിക്കരാഗ്വയില്‍ പ്രാര്‍ത്ഥനാവാരം
സ്വന്തം ലേഖകന്‍ 07-09-2019 - Saturday
മനാഗ്വ: ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്നു അശാന്തിയുടെ താഴ്വരയായി മാറിയിരിക്കുന്ന നിക്കരാഗ്വയില്‍ നീതിക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥനാവാരം ആചരിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ ആഹ്വാനം. “നീതിയും സമാധാനവും പരസ്പരം ചുംബിക്കും” (സങ്കീര്‍ത്തനം 85) എന്ന മുദ്രാവാക്യവുമായി രാജ്യത്ത് സമാധാനവും നീതിയും പുലരുവാനാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലെ മെത്രാന്‍ സമിതി (സി.ഇ.എന്‍) പരിശുദ്ധ കന്യകാമാതാവിന്റെ ജനനതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 മുതല്‍ സെപ്റ്റംബര്‍ 15 വരെ പ്രാര്‍ത്ഥനാവാരമായി ആചരിക്കുക. സെപ്റ്റംബര്‍ 8-ന് രാജ്യത്തെ എല്ലാ കത്തീഡ്രലുകളിലും വിശുദ്ധ കുര്‍ബാനയോടെയായിരിക്കണം പ്രാര്‍ത്ഥനാവാരം ആരംഭിക്കേണ്ടതെന്ന് ഗ്രാനഡയിലെ മെത്രാനായ മോണ്‍. സോളോര്‍സാനോ പെരെസ് പറഞ്ഞു.
ഓരോ രൂപതക്കും തങ്ങളുടെ സൗകര്യാര്‍ത്ഥം ആഴ്ചയിലെ പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 8 ഞായറാഴ്ച കുട്ടികള്‍ക്കും, മതബോധനരംഗത്തുള്ളവര്‍ക്കും; സെപ്റ്റംബര്‍ 9-ന് കൃഷിക്കാര്‍ക്കും, സെപ്റ്റംബര്‍ 10-ന് പുരോഹിതര്‍ക്കും, സന്യസ്ഥര്‍ക്കും അജപാലക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും; സെപ്റ്റംബര്‍ 11-ന് അല്‍മായ സംഘടനകള്‍ക്കും; സെപ്റ്റംബര്‍ 12-ന് കുടുംബങ്ങള്‍ക്കും, സെപ്റ്റംബര്‍ 13-ന് സകലര്‍ക്കും വേണ്ടിയുള്ള അനുതാപ പ്രാര്‍ത്ഥനകളും, സെപ്റ്റംബര്‍ 14-ന് രോഗികള്‍ക്കും, സെപ്റ്റംബര്‍ 15-ന് യുവാക്കള്‍ക്കും അധികാരസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കുമായി ക്രമീകരിച്ചാല്‍ നന്നായിരിക്കുമെന്ന്‍ ബിഷപ്പ് കുറിച്ചു.
നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗായുടെ നേതൃത്വത്തിലുള്ള ഭരണകൂടം വിശ്വാസികളേയും, സഭയേയും, മെത്രാന്‍മാരേയും, സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിക്കുന്നവരേയും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥനാവാരം ആചരിക്കുന്നത്. ഭരണകൂടം സൈനീക നടപടികള്‍ വഴി കത്തോലിക്ക സഭയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന കാര്യം ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് നല്‍കിയ അഭിമുഖത്തില്‍ എസ്തെലിയിലെ മെത്രാനും നിക്കരാഗ്വന്‍ എപ്പിസ്കോപ്പേറ്റിന്റെ സെക്രട്ടറി ജെനറലുമായ മോണ്‍. ജുവാന്‍ അബേലാര്‍ഡോ മാട്ടാ സൂചിപ്പിച്ചിരിന്നു. നിക്കരാഗ്വന്‍ പ്രസിഡന്റിന്റേയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മനോഭാവത്തില്‍ യാതൊരു മാറ്റവും വരുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ കൊണ്ട് യാതൊരു ഫലവുമില്ലെന്ന നിലപാടാണ് മെത്രാന്‍ സമിതിക്കുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.