News - 2024

മഡഗാസ്ക്കര്‍ ജനതക്ക് ആഹ്ലാദം പകര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 08-09-2019 - Sunday

മഡഗാസ്ക്കര്‍ : ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാംഘട്ടമായി മഡഗാസ്ക്കര്‍ സന്ദര്‍ശനം ആരംഭിച്ച് ഫ്രാന്‍സിസ് പാപ്പ. പ്രസിഡന്‍റ്, ആന്‍ഡ്രി റജൊലീനയും മറ്റു രാഷ്ട്ര പ്രതിനിധികളും പൗരപ്രതിനിധികളും സഭാപ്രതിനിധികളും വന്‍ജനാവലിയും ചേര്‍ന്ന് മാര്‍പാപ്പയെ വിമാനത്താവളത്തില്‍ വരവേറ്റു. ഇന്നലെ പ്രാദേശിക സമയം 7.30-നു വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദര്‍ശന ക്രമം ആരംഭിച്ചത്.

തുടര്‍ന്നു പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തി. പ്രസിഡന്‍റിനോടു ചേര്‍ന്ന് ചിത്രങ്ങള്‍ എടുത്ത പാപ്പാ, സ്വകാര്യസംഭാഷണത്തിനായുള്ള ഹാളിലേയ്ക്കു പ്രവേശിച്ചു. സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ സന്ദേശം എഴുതി ഒപ്പുവച്ച പാപ്പാ, തുടര്‍ന്ന് പ്രസിഡന്‍റുമായി സമ്മാനങ്ങള്‍ കൈമാറി. തുടര്‍ന്ന് സമീപത്തുള്ള ഔപചാരിക സമ്മേളനത്തിനുള്ള ഹാളിലേയ്ക്ക് പ്രസിഡന്‍റ് ആന്‍ഡ്രി പാപ്പായെ ആനയിച്ചു. കുട്ടികളുടെ ഗായകസംഘം ആലപിച്ച മലഗാസി പ്രാര്‍ത്ഥന ഗാനത്തോടെ രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു.

മലഗാസികളുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള യാത്ര വാഗ്ദത്ത ഭൂമിയിലേയ്ക്കുള്ള ഇസ്രായേല്‍ ജനതയുടെ യാത്രപോലെയായിരുന്നുവെന്നും കാലാവസ്ഥക്കെടുതികളും കൊടുങ്കാറ്റുമേറ്റാണെങ്കിലും പ്രത്യാശ കൈവെടിയാതെ മുന്നേറുകയാണെന്നും പ്രസിഡന്‍റ് പറഞ്ഞു. കരുണാസമ്പന്നവും അനുഗ്രഹപൂര്‍ണ്ണവുമായ പാപ്പായുടെ സാന്നിദ്ധ്യത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടുമാണ് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചത്. തുടര്‍ന്നു കര്‍മ്മലീത്ത സന്ന്യാസിനിമാരുടെ മിണ്ടാമഠത്തിലും പാപ്പ സന്ദര്‍ശനം നടത്തി.

More Archives >>

Page 1 of 488