News - 2025
സമാധാന ശ്രമങ്ങളെ കൊട്ടിഘോഷിക്കാതെ വിജയമായി കാണണം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 12-09-2019 - Thursday
വത്തിക്കാന്‍ സിറ്റി: സമാധാനത്തിനായി പരിശ്രമിച്ചത് കൊട്ടിഘോഷിക്കാതെ സമാധാനത്തെ വിജയമായി കാണണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. സമാധാന ശ്രമത്തില്‍ ഒരിക്കലും വിജയം അവകാശപ്പെടാനാവില്ലായെന്നും കാരണം അത് വളരെ ലോലമാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപ്പെടാവുന്നതാണെന്നും പാപ്പ താക്കീതുനല്കി. ആഫ്രിക്ക അപ്പസ്തോലിക പര്യടനം കഴിഞ്ഞ് മഡഗാസ്കരില്‍നിന്ന് റോമിലേയ്ക്കു മടങ്ങവെ രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരിന്നു പാപ്പ. സമാധാനം നേടിയതോ, അതിനായി പരിശ്രമിച്ചതോ നാം കൊട്ടിഘോഷിക്കേണ്ടതല്ല. സമാധാനവും, സമാധാനമുള്ള ജീവിതവുമായിരിക്കണം വിജയാഘോഷമെന്ന്‍ പാപ്പ കൂട്ടിച്ചേര്‍ത്തു.
മൊസാംബിക്കിലെ ആഭ്യന്തര കലാപവും സമാധാനപ്രക്രിയയും വളരെ നീണ്ടതായിരുന്നു. അനുദിന ജീവിതത്തില്‍ നാം എല്ലാവരും സമാധാനശ്രമങ്ങള്‍ തുടരണം, സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണമെന്ന് പാപ്പാ പറഞ്ഞു. ശത്രുവിനെ കാണാന്‍ ചെല്ലുന്നത് ഭീതി ഉയര്‍ത്തുന്ന കാര്യമാണ്. സമാധാനത്തിനുള്ള പരിശ്രമം ജീവന്‍ പണയംവച്ചും നിര്‍വ്വഹിക്കുന്നതാണ്. പരിശ്രമം സമാധാനത്തിന്‍റെ പാതയിലെ മുന്നോട്ടുള്ള ചുവടുവയ്പ്പുകളാണെന്ന് പാപ്പ വിശേഷിപ്പിച്ചു.
ഒന്നാം ലോകയുദ്ധത്തിന്‍റെ ശതാബ്ദിസ്മരണയില്‍ താന്‍ ഇറ്റലി-ഒസ്ട്രിയ അതിര്‍ത്തിയിലുള്ള റെഡിപൂളിയ സെമിത്തേരി സന്ദര്‍ശിച്ചത് പാപ്പാ അനുസ്മരിച്ചു. യുദ്ധത്തില്‍ മരണമടഞ്ഞ നാല്‍പ്പത്തിആറായിരത്തില്‍ അധികം ഭടന്മാര്‍ അടക്കംചെയ്യപ്പെട്ട വിസ്തൃതമായ സെമിത്തേരിയാണത്. ക്രൂരമായൊരു യുദ്ധത്തിന്‍റെ അന്ത്യമാണത്. നാസി-ഫാസിസ്റ്റ് ഐകാധിപത്യം കാണിച്ച മനുഷ്യത്വത്തിന് എതിരായ ചരിത്രത്തിലെ ക്രൂരതയായിരുന്നു ഒന്നാം ലോകയുദ്ധം. അതിനാല്‍ ചെറുതായാലും വലുതായാലും സമൂഹങ്ങള്‍ തമ്മിലായാലും, രാഷ്ട്രങ്ങള്‍ തമ്മിലായാലും യുദ്ധമരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മേരി മേജര്‍ ബസിലിക്കയില്‍ പത്തു മിനിറ്റ് പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.