India - 2025
മാനന്തവാടിയില്‍ ഇന്ന് സന്യസ്ത അല്മായ വൈദിക സംഗമം
സ്വന്തം ലേഖകന്‍ 15-09-2019 - Sunday
മാനന്തവാടി: ക്രൈസ്തവ സന്യാസത്തെ പൊതുസമൂഹത്തില്‍ തേജോവധം ചെയ്യുന്നതിനെതിരെ സ്ത്രീസന്യസ്തരുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ ഇന്ന് സന്യസ്ത അല്മായ വൈദിക കൂട്ടായ്മ. ഉച്ചകഴിഞ്ഞ് 3.30ന് ദ്വാരക പാസ്റ്ററല്‍ സെന്ററിലെ സീയോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൂട്ടായ്മയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തിലേറെപ്പേര്‍ സംബന്ധിക്കും. ആനന്ദത്തോടും സംതൃപ്തിയോടും കൂടി ജീവിച്ചു പോരുന്ന െ്രെകസ്തവ സന്യസ്ത ജീവിതശൈലിയെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുന്നവര്‍ക്കെതിരേയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വിശദീകരണ പ്രാര്‍ത്ഥനാസമ്മേളനം. ക്രൈസ്തവ സന്യാസം അര്‍ത്ഥപൂര്‍ണമായി ജീവിക്കാന്‍ സാധിക്കാത്തവരും അതെന്താണെന്നു ജീവിച്ച് പരിചയമില്ലാത്തവരുമാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ചുക്കാന്‍ പിടിക്കുന്നതെന്ന തിരിച്ചറിവിലാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തില്‍ സ്ത്രീ സന്യസ്തര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതികരണങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി ഇറക്കുന്ന 12 പേജ് വരുന്ന സമര്‍പ്പിതശബ്ദം ലഘുലേഖ എല്ലാ കുടുംബങ്ങളിലും എത്തിക്കാനും തീരുമാനമുണ്ട്. രൂപതയിലെ ഏതെങ്കിലും ഭക്തസംഘടനകളുടെ ഭാരവാഹികള്‍ വഴിയോ ഇടവകകളിലെ സ്ത്രീസന്യസ്തരുടെ ഭവനങ്ങള്‍ വഴിയോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. സിസ്റ്റര്‍ ആന്‍സി പോള്‍ എസ്എച്ച്, സിസ്റ്റര്‍ ട്രീസ എസ്എബിഎസ്, സിസ്റ്റര്‍ ജീസ സിഎംസി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. മാധ്യമപ്രവര്‍ത്തകരെ സമ്മേളനത്തിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.
