India - 2025

ലവ് ജിഹാദ്: പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍

25-09-2019 - Wednesday

കോഴിക്കോട്: കോഴിക്കോട് ക്രൈസ്തവ വിശ്വാസിയായ പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന്‍ കലര്‍ത്തി പീഡിപ്പിച്ചശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ പ്രതി നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടനു മുമ്പാകെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയ പ്രതിയെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ ഐപിസി 376 വകുപ്പുപ്രകാരം മാനഭംഗം, പിടിച്ചുപറി(384), വധഭീഷണി ഉയര്‍ത്തല്‍ (506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജാസിമിനെതിരേ കേസ്.

പ്രതിക്ക് 19 വയസ് മാത്രമേ ഉള്ളൂവെന്നതിനാല്‍ പോലീസ് കസ്റ്റഡിയില്‍ വിടുകയോ റിമാന്‍ഡ് ചെയ്യുകയോ അരുതെന്ന പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അശോക് മേനോന്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. പെണ്‍കുട്ടി പരാതി നല്‍കുകയും മജിസ്ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് ഒത്തുകളിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാസിമിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് പോലീസ് ഒത്താശചെയ്യുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തില്‍ കാര്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Related Articles »