News - 2025
സീറോ മലബാര്‍ മെത്രാന്മാരുടെ അഡ് ലിമ്ന സന്ദര്‍ശനം ഒക്ടോബര്‍ മൂന്നു മുതല്‍
സ്വന്തം ലേഖകന്‍ 01-10-2019 - Tuesday
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട വത്തിക്കാനിലേക്കുള്ള അഡ് ലിമ്ന സന്ദര്‍ശനത്തിലെ സീറോ മലബാര്‍ സഭാ മെത്രാന്‍മാരുടെ സന്ദര്‍ശനം ഒക്ടോബര്‍ 3നു ആരംഭിക്കും. 2011-ൽ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്താണ് സീറോ മലബാര്‍ മെത്രാന്മാര്‍ അഡ് ലിമ്ന സന്ദര്‍ശനം അവസാനമായി നടത്തിയിട്ടുള്ളത്. മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള 51 മെത്രാന്മാരാണ് ഇത്തവണ സന്ദര്‍ശനത്തിൽ പങ്കെടുക്കുന്നത്.
ഒക്ടോബര്‍ മൂന്നിന് രാവിലെ 8 മണിക്ക് വി. പത്രോസിന്‍റെ കബറിടത്തിങ്കൽ ഒന്നിച്ചര്‍പ്പിക്കുന്ന വി. കുര്‍ബാനക്കുശേഷം 10 മണിക്ക് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പമുള്ള കൂടികാഴ്ച്ചയോടെ അഡ് ലിമ്ന സന്ദര്‍ശനത്തിന് ഔദ്യോഗിക തുടക്കം കുറിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിൽപിതാക്കന്‍മാര്‍ റോമിലെ നാല് ബസിലിക്കകളിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, വത്തിക്കാന്‍ കൂരിയായിലെ പതിനാറ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്യും. ഒക്ടോബര്‍ 13 ന് നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ എല്ലാ പിതാക്കന്‍മാരുടെയും സാന്നിദ്ധ്യം ഉണ്ടാകും. യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്‌റ്റീഫൻ ചിറപ്പണത്ത്, ഡോ. ചെറിയാന്‍ വാരികാട്ട്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സനൽ മാളിയേക്കൽ എന്നിവരാണ് സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. ഒക്ടോബര്‍ 14നാണ് സന്ദര്‍ശനം പൂര്‍ത്തിയാകുന്നത്.