News - 2025
നിയുക്ത കര്‍ദ്ദിനാള്‍മാരെ ഔദ്യോഗിക പദവിയിലേക്ക് ഉയര്‍ത്തി
സ്വന്തം ലേഖകന്‍ 06-10-2019 - Sunday
വത്തിക്കാന്‍ സിറ്റി: ഇന്നലെ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ പന്ത്രണ്ടു രാജ്യങ്ങളില്‍നിന്നുള്ള 13 പേര്‍ ഇന്നലെ കര്‍ദ്ദിനാള്‍ തിരുസംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇവര്‍ക്കു ചുവന്ന തൊപ്പിയും മോതിരവും അധികാര പത്രവും കൈമാറി. പുതിയ കര്‍ദ്ദിനാള്‍മാരില്‍ വത്തിക്കാനില്‍ ഉന്നത പദവികള്‍ വഹിക്കുന്ന മൂന്നു പേരും 12 പേര്‍ ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് പദവി വഹിക്കുന്നവരും ഒരാള്‍ ജസ്യൂട്ട് വൈദികനുമാണ്. ഗ്വാട്ടിമാല, മൊറോക്കോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, ലക്‌സംബൂര്‍ഗ്, പോര്‍ച്ചുഗല്‍, ക്യൂബ, കാനഡ, ഇംഗ്ലണ്ട്, സ്‌പെയിന്‍, ലിത്വാനിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍. ഇതില്‍ പത്തു പേര്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള എണ്‍പതു വയസിനു താഴെയുള്ളവരാണ്. അതേസമയം കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 212 ആയി. ഇതില്‍ 118 പേര്‍ 80 വയസില്‍ താഴെയുള്ളവരാണ്.
മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് മിഗ്വേല്‍ എയ്ജല്‍ അയൂസോ ഗ്വിക്‌സോട്ട്, വത്തിക്കാന്‍ ആര്‍ക്കൈവിസ്റ്റും ലൈബ്രേറിയനും ആര്‍ച്ച് ബിഷപ്പ് ഹൊസെ ടോളെന്റീനോ മഡോന്‍സ, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാര്യോ, ക്യൂബയിലെ ഹവാന ആര്‍ച്ച് ബിഷപ്പ് ഹുവാന്‍ ഗാര്‍സ്യ റൊദ്രിഗസ്, കോംഗോയിലെ കിന്‍ഷാസ ആര്‍ച്ച് ബിഷപ്പ് ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു, ലക്‌സംബര്‍ഗ് ആര്‍ച്ച് ബിഷപ്പ് ഴാംഗ് ക്ലോദ് ഹൊളോരിക്, ഗ്വാട്ടിമാല ബിഷപ്പ് അല്‍വാരോ റാമസിനി ഇമേരി, ഇറ്റലിയിലെ ബൊളോഞ്ഞ ആര്‍ച്ച് ബിഷപ്പ് മാത്തെയോ സുപ്പി, മൊറോക്കോയിലെ റബാത്ത് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റബാള്‍ ലോപെസ് റോമേരോ, അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി ഫാ. മൈക്കിള്‍ സെര്‍നി എസ്.ജെ, നെപ്‌റ്റെ ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്, ലിത്വാനിയയിലെ കൗനാസ് ആര്‍ച്ച് ബിഷപ്പ് സിഗിറ്റാസ് താംകെവിഷ്യസ്, കൗനാസ് സിഗിറ്റാസ് ആര്‍ച്ച് ബിഷപ്പ് താംകെവിഷ്യസ്, അംഗോള ആര്‍ച്ച് ബിഷപ്പ് യൂജീനിയോ ഡെല്‍ കോര്‍സോ എന്നിവരാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.