News - 2025
ദൈവനിഷേധത്തെയും എല്‍ജിബിടി പ്രചരണങ്ങളെയും തടയുവാന്‍ ആഹ്വാനവുമായി പോളിഷ് മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍ 03-10-2019 - Thursday
ക്രാക്കോ: ദൈവ നിഷേധത്തെ എതിര്‍ക്കുവാനും, സ്വവര്‍ഗ്ഗാനുരാഗ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്ന എല്‍ജിബിടി പ്രചാരണങ്ങളെ തടയുവാനും ആഹ്വാനം ചെയ്തുകൊണ്ട് പോളണ്ടിലെ ക്രാക്കോ അതിരൂപത മെത്രാപ്പോലീത്തയുടെ ഇടയലേഖനം. ‘ടോട്ടസ് ടൂസ്’ (പൂര്‍ണ്ണമായും നിങ്ങളുടേത്) എന്ന പേരില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28-ന് മെത്രാപ്പോലീത്ത മാരെക് ജെഡ്രാസ്വെസ്കി പുറത്തിറക്കിയ അജപാലന ലേഖനത്തില്‍ പോളിഷ് ജനതയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും സ്വാതന്ത്ര്യത്തിനു നേര്‍ക്കുയര്‍ന്ന വെല്ലുവിളികളെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളെ മഴവില്ല് പകര്‍ച്ചവ്യാധി എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ മറ്റൊരു മെത്രാപ്പോലീത്തയെ പുറത്താക്കണമെന്ന്‍ സമത്വവാദികള്‍ മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്രാക്കോ മെത്രാപ്പോലീത്തയും ശക്തമായി സ്വരമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.
ദൈവം നിഷേധം മനുഷ്യനെ സ്വയം പരിഹാസ്യനാക്കുന്ന കാഴ്ചപ്പാടാണ്. അതില്‍ നിന്നുമാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസങ്ങളെ മറക്കുന്ന എല്‍.ജി.ബി.ടി ആശയങ്ങള്‍ ഉണ്ടായതെന്നു മെത്രാപ്പോലീത്ത പറഞ്ഞു. സ്വവര്‍ഗാനുരാഗത്തെ സംബന്ധിച്ചുള്ള പ്രചാരണത്തെ ആക്രമണപരവും, അട്ടിമറിയുമെന്നാണ് മെത്രാപ്പോലീത്ത വിശേഷിപ്പിക്കുന്നത്. സഹിഷ്ണുത, പുരോഗമനം തുടങ്ങിയ ആശയങ്ങള്‍ എല്‍.ജി.ബി.ടി ആശയ പ്രചാരണത്തിനായി അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എല്‍.ജി.ബി.ടി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വിദ്യാഭ്യാസ പദ്ധതികള്‍ കുട്ടികളില്‍ ധാര്‍മ്മിക അധഃപതനത്തിനു കാരണമാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍.ജി.ബി.ടി വക്താക്കളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ കാലഘട്ടത്തോട് ഉപമിക്കാം. അക്കാലത്ത് സാമൂഹ്യ നേട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങള്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നതെന്നും വിശ്വാസികളെ വെറും രണ്ടാംതരം പൗരന്‍മാരായിട്ടാണ് പരിഗണിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നവംബര്‍ ഒന്നു മുതല്‍ 2020 അവസാനംവരെ സായാഹ്ന വിശുദ്ധ കുര്‍ബാനക്ക് അരമണിക്കൂര്‍ മുന്‍പ് ജപമാലയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ലുത്തീനിയയും ചൊല്ലുന്നതിനും പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള നിശബ്ദ ആരാധനക്കുള്ള നിര്‍ദ്ദേശവും നല്‍കിയാണ് മെത്രാപ്പോലീത്തയുടെ ഇടയലേഖനം അവസാനിക്കുന്നത്.