India - 2024

കൂടത്തായി പ്രതിയുടെ ആത്മീയ ജീവിതത്തെപ്പറ്റി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍ത്ത

സ്വന്തം ലേഖകന്‍ 08-10-2019 - Tuesday

കോടഞ്ചേരി: കൂടത്തായി കൂട്ട കൊലപാതകത്തിൽ കുറ്റവാളിയായി പോലീസ് കണ്ടെത്തിയ ജോളി എന്ന സ്ത്രീ കഴിഞ്ഞ ഇരുപതു വർഷമായി മതാധ്യാപികയായിരുന്നുവെന്നും പള്ളി ഭക്ത സംഘടനയിലെ ഭാരവാഹിയാണെന്നും ദിവസവും പള്ളി തിരുകർമ്മങ്ങളിൽ സംബന്ധിക്കുന്ന വ്യക്തിയാണെന്നും സ്ഥിരം ധ്യാനങ്ങളിൽ പങ്കെടുക്കുന്ന ആളാണെന്നും ഉള്ള പ്രചരണങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ് കോടഞ്ചേരി ഫൊറോന. മനോരമ അടക്കമുള്ള മുഖ്യധാര മാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടര വർഷമായി കോടഞ്ചേരി ഇടവകാംഗമായ ജോളിയെ സംബന്ധിച്ച് ദേവാലയ നേതൃത്വം പ്രസ്താവനയിറക്കിയത്.

ജോളിയുടെ ആത്മീയ ജീവിതത്തെ പറ്റി പ്രചരിക്കുന്ന വാർത്തകൾ ഒന്നും സത്യമല്ലായെന്ന് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. കോടഞ്ചേരി ഇടവകയിൽ അംഗമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് കൂടത്തായി ഇടവകാംഗമെന്ന നിലയിൽ അവർ മാതൃവേദിയിലും കുടുംബ യൂണിറ്റിലും ഭാരവാഹിയായിരുന്നുവന്നു മനസിലാക്കുവാൻ കഴിഞ്ഞു. എന്നാല്‍ പള്ളി തിരുകർമ്മങ്ങളിലെ നിത്യപങ്കാളിയോ മതാധ്യാപികയായോ ജോളിയെ ചിത്രീകരിക്കുന്നത് പൂർണ്ണമായും വ്യാജമാണെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്ടിച്ചു നടത്തുന്ന മുതലെടുപ്പുകാർക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും കോടഞ്ചേരി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ പ്രസ്താവനയിൽ കുറിച്ചു.


Related Articles »