2008 ഒക്ടോബര്‍ 12നു അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലും ഗാനമൊരുക്കാന്‍ സഹായിയായി നിലനിന്നത് ഫാ. ബിനോജായിരിന്നു. അന്ന് വൈദിക വിദ്യാര്‍ത്ഥിയായിരിന്നു അദ്ദേഹം. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നു പകരം ഒക്ടോബര്‍ 13നു മറ്റൊരു വിശുദ്ധയുടെ നാമകരണത്തിന് ഇടപെടല്‍ നടത്തുവാന്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫാ. ബിനോജ്. അച്ചന് പൂര്‍ണ്ണ പിന്തുണയുമായി 65 അംഗ ഗായകസംഘവും മലയാളി സമൂഹവുമുണ്ട്.
News
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ മലയാള ഗാനങ്ങള്‍ വത്തിക്കാനില്‍ മുഴങ്ങും
സ്വന്തം ലേഖകന്‍ 09-10-2019 - Wednesday
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് നാലു ദിവസങ്ങള്‍ ശേഷിക്കേ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. അതേസമയം വിശുദ്ധ പ്രഖ്യാപന ചടങ്ങുകളുടെ പ്രാരംഭമായുള്ള പ്രദക്ഷിണ സമയത്തു വത്തിക്കാനില്‍ മലയാള ഗാനം ഉയരും. ഫാ. ബിനോജ് മുളവരിക്കല്‍ രചിച്ച “ഭാരത സഭതൻ പ്രഭയാം കേരള മണ്ണിൻ കൃപയാം..” എന്ന ഗാനമാണ് 10 വൈദികരും 15 സിസ്റ്റർമാരും 10 കുട്ടികളും യുവതീ-യുവാക്കളും മുതിർന്നവരുമായി 30 പേരുൾപ്പെടെ 65 അംഗ ഗായകസംഘം ആലപിക്കുക.
കഴിഞ്ഞ രണ്ടരമാസമായുള്ള പരിശീലനത്തിലൂടെയാണ് സ്വര്‍ഗീയ നിമിഷത്തിനായി കാത്തിരിക്കുന്നതെന്നു ഫാ. ബിനോജ് മുളവരിക്കലും സഹായി ഡെല്‍റ്റസും പറയുന്നു. ''ക്രൂശിതന്റെ സ്‌നേഹിതേ, മറിയം ത്രേസ്യായേ, തിരുഹൃദയത്തിന്‍ തോഴിയേ, മറിയം ത്രേസ്യായേ'' എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും നാമകരണ ചടങ്ങിനിടെ ഇതേ ഗായക സംഘം ആലപിക്കുന്നുണ്ട്. ഇതിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് ഫാ. ബിനോജ് മുളവരിക്കലാണ്.