News - 2025
ആമസോൺ സിനഡിന് ആരംഭം: പരിശുദ്ധാത്മാവിന്റെ ജ്ഞാനത്തിനായി പ്രാര്‍ത്ഥിച്ച് പാപ്പ
സ്വന്തം ലേഖകന്‍ 07-10-2019 - Monday
റോം: ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, സുരിനാം എന്നിവ ഉൾപ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന പാന്‍ ആമസോണ്‍ സിനഡിന് റോമില്‍ ആരംഭം. പരിശുദ്ധാത്മാവിന്റെ ജ്ഞാനവും വിവേകവും സിനഡിൽ പങ്കെടുക്കുന്ന ബിഷപ്പുമാരിൽ നിറയുന്നതിനായി ആമസോൺ സിനഡ് ആരംഭിച്ചുകൊണ്ടു നടന്ന വിശുദ്ധ കുർബാനയില്‍ പാപ്പ പ്രാര്‍ത്ഥിച്ചു. പാൻ- ആമസോൺ മേഖലയെ സംബന്ധിക്കുന്ന നിർണ്ണായക സിനഡിൽ സഭയെ സഹായിക്കാൻ വിശ്വാസത്തിന്റെ ആത്മാവ്, സിനഡിൽ പങ്കെടുക്കുന്ന ഓരോരുത്തരിലേയ്ക്കും വർഷിക്കപ്പെടണമേയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.
മേഖലയിലെ സുവിശേഷവത്കരണത്തിനുള്ള വിവിധ രീതികളെക്കുറിച്ചും സുവിശേഷവത്കരണത്തിന്റെ ശുശ്രൂഷകളെക്കുറിച്ചുമായിരിക്കും സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സിനഡിന്റെ പ്രവര്‍ത്തനരേഖയില്‍ പ്രതിപാദിച്ചിരിക്കുന്ന ചില കാര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ, ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിന്നു. ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെ ലോകം സിനഡിനെ നോക്കികാണുന്നത്. എന്നാല്‍ പാന്‍ ആമസോണ്‍ മേഖലക്ക് വേണ്ടി മാത്രമുള്ള ഒരു പ്രത്യേക സിനഡാണിതെന്നും ചില എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നുമായിരിന്നു സിനഡ് സംഘാടകര്‍ അഭിപ്രായപ്പെട്ടത്. 185 പേര്‍ പങ്കെടുക്കുന്ന സിനഡ് ഒക്ടോബർ 27-ന് സമാപിക്കും.