Life In Christ - 2024
പ്രാര്‍ത്ഥിച്ചും സന്തോഷം പ്രകടിപ്പിച്ചും പുത്തന്‍ചിറ കുഴിക്കാട്ടുശേരി ഗ്രാമങ്ങള്‍
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
പുത്തന്‍ചിറ: കുടുംബങ്ങളുടെ മധ്യസ്ഥ മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്‍റെ ആഹ്ലാദത്തില്‍ ജന്‍മനാടായ മാള പുത്തന്‍ചിറ, കുഴിക്കാട്ടുശേരി ഗ്രാമങ്ങള്‍. ഇന്ന് നാമകരണ ചടങ്ങ് വത്തിക്കാനില്‍ നടക്കുമ്പോള്‍ അതിനോടു അനുബന്ധിച്ച് കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രത്യേക ദിവ്യബലി അര്‍പ്പണം നടന്നു. അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് പാനികുളവും ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറന്പിലും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടനും ബലിയര്‍പ്പണത്തില്‍ കാര്‍മ്മികത്വം വഹിച്ചു. 32 വൈദികര്‍ സഹകാര്‍മികരായി. മാര്‍ ജോര്‍ജ് പാനികുളം ദിവ്യബലിമധ്യേ സന്ദേശം നല്‍കി.
ദിവ്യബലിയുടെ സമാപനത്തില്‍ ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍ പാവനാത്മ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറന്പില്‍ സ്‌തോത്രഗീതത്തിനും കബറിടത്തിനരികലെ നൊവേനയ്ക്കും കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു വിശുദ്ധപദവിയുടെ പ്രതീകമായ കിരീടം ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ വികാരി ജനറാളും തീര്‍ഥാടനകേന്ദ്രം പ്രമോട്ടറുമായ ഫാ. ജോസ് കാവുങ്കല്‍ വിശുദ്ധയുടെ തിരുസ്വരൂപത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടു ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയം ചുറ്റി സമാപിച്ചു. അപ്പോഴും നൂറുകണക്കിനാളുകള്‍ കബറിടത്തിനു സമീപം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഊട്ടുനേര്‍ച്ചയ്ക്കുശേഷം റോമില്‍ നടന്ന തിരുക്കര്‍മങ്ങളുടെ തത്സമയ സംപ്രേഷണം സെന്റിനറി ഹാളിലൊരുക്കിയ എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിച്ചു. വൈകീട്ട് വാഹനറാലി നടന്നു. കൊച്ചുഗ്രാമത്തില്‍ നിന്ന് ആഗോള വിശുദ്ധരുടെ ഗണത്തിലേക്ക് മറിയം ത്രേസ്യ ഉയര്‍ത്തപ്പെട്ടത് ഹോളിഫാമിലി സന്യാസ സമൂഹത്തിന്‍റെ ഭാവിയിലെ പ്രയാണത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോളിഫാമിലി സന്യാസ സമൂഹത്തിന്‍റെ സ്ഥാപകയായ മദര്‍ മറിയം ത്രേസ്യയുടെ പിന്‍മുറക്കാരായി ഇന്നു ലോകമെമ്പാടും രണ്ടായിരം കന്യാസ്ത്രീകളുണ്ടെന്നാണ് കണക്കുകള്‍
Posted by Pravachaka Sabdam on