Life In Christ - 2025

കുടുംബങ്ങളെ സുവിശേഷമൂല്യങ്ങളില്‍ ശക്തീകരിക്കാന്‍ ആഹ്വാനവുമായി മലങ്കര ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി

സ്വന്തം ലേഖകന്‍ 10-10-2019 - Thursday

തിരുവനന്തപുരം: കുടുംബങ്ങളെ വിശ്വാസത്തിലും സുവിശേഷമൂല്യങ്ങളിലും ശക്തീകരിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടന്ന അസംബ്ലിയിലാണ് ഇക്കാര്യം പ്രതിപാദിച്ചത്. വിവാഹത്തിന് യുവജനങ്ങളെ വിശുദ്ധമായ പരിശീലനത്തിലൂടെ ഒരുക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ അസംബ്ലി ചര്‍ച്ച ചെയ്തു. വിവാഹ ആഘോഷങ്ങളില്‍ വളര്‍ന്നുവരുന്ന അനിയന്ത്രിതമായ ആഡംബരങ്ങള്‍ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. വിവാഹാനന്തരം സഭ നിരന്തരമായി ദന്പതികള്‍ക്കൊപ്പം നിന്ന് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കണം.

നവമാധ്യമങ്ങളും പുത്തന്‍ പ്രവണതകളും കുടുംബങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന സംസ്‌കാരത്തെ പ്രതിരോധിക്കേണ്ടതുണ്ട്. മക്കള്‍ ദൈവത്തിന്റെ ദാനം എന്ന ആശയത്തില്‍ അവരെ സ്വീകരിക്കുന്ന ജീവന്റെ സംസ്‌കാരം കുടുംബങ്ങളില്‍ വളരണം. കൃത്രിമ ജനനനിയന്ത്രണം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരേ കുടുംബങ്ങല്‍ കൂടുതല്‍ ബോധവത്കരിക്കപ്പെടേണ്ടതുണ്ട്. വാര്‍ധക്യത്തിലുള്ളവര്‍ക്കായി നയങ്ങളും പരിപാടികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. പ്രകൃതിസൗഹൃദമായ അന്തരീക്ഷവും സംസ്‌കാരവും കുടുംബങ്ങള്‍വഴി വളര്‍ത്തും. അക്രൈസ്തവരുമായിട്ടുള്ള വിവാഹം, സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഷയങ്ങളിലുള്ള അജപാലനപരമായ നയങ്ങള്‍ രൂപീകരിക്കണമെന്ന അഭിപ്രായവും അസംബ്ലിയില്‍ ഉയര്‍ന്നു.

കൃപ നിറയുന്ന കുടുംബങ്ങള്‍ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചു നടന്ന അസംബ്ലിയില്‍ സഭയിലെ എല്ലാ മെത്രാപ്പോലിത്താമാരും വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികളും പങ്കെടുത്തു. ഭദ്രാസനങ്ങളില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. സമാപനദിവസമായ ഇന്നലെ രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മുഖ്യകാര്‍മ്മികനായിരുന്നു.

തുടര്‍ന്നു നടന്ന റിപ്പോര്‍ട്ടിംഗ് സെഷനില്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് മോഡറേറ്റരായിരുന്നു. ഗ്രൂപ്പ് സെക്രട്ടറിമാരായ റവ. ഡോ. സണ്ണി മാത്യു, ഫാ. ബോവാസ് മാത്യു, സിസ്റ്റര്‍ ആര്‍ദ്ര, ഡോ. കെ.വി. തോമസ്‌കുട്ടി, വി.സി. ജോര്‍ജ്കുട്ടി, ഡോ. ജിനു എജി, ഷീജ ഏബ്രഹാം, ജിജി മത്തായി, മോന്‍സി ജോര്‍ജ്, വി.പി. മത്തായി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൊതുചര്‍ച്ചയില്‍ മോണ്‍. ചെറിയാന്‍ താഴമണ്‍ മോഡറേറ്ററായിരുന്നു. സീറോ അവറില്‍ അസംബ്ലി അംഗങ്ങള്‍ നല്‍കിയ 42 ചോദ്യങ്ങള്‍ക്ക് കാതോലിക്കാബാവാ മറുപടി നല്‍കി. അസംബ്ലി പ്രമേയം സജി ജോണ്‍, ഏല്ലന്‍ ജോണ്‍ എന്നിവര്‍ അവതരിപ്പിച്ചു. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന് നല്‍കുന്ന ശുപാര്‍ശകള്‍ ഫാ. അനൂപ് പന്തിരായിതടത്തില്‍ അവതരിപ്പിച്ചു. മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സമാപനസന്ദേശം നല്‍കി. ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പ്രസംഗിച്ചു.

More Archives >>

Page 1 of 15