Life In Christ - 2024
'ആത്മാക്കളുടെ രക്ഷയ്ക്കായി മുന്‍നിരയില്‍ നിന്നു പോരാടണം': ഇന്‍-ആന്‍ഡ്-ഔട്ട് ബര്‍ഗര്‍ ശ്രംഖലയുടെ സിഇഒ
സ്വന്തം ലേഖകന്‍ 10-10-2019 - Thursday
കാലിഫോര്‍ണിയ: ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പരാജയപ്പെട്ടവരെ രക്ഷിക്കുവാനും വീണുപോയ ക്രൈസ്തവരെ തിരികെ കൊണ്ടുവരുവാനും മുന്‍നിരയില്‍ നിന്നു പോരാടണമെന്ന്‍ മുന്നൂറു കോടി ഡോളര്‍ ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ ലിന്‍സി സ്നൈഡര്‍. ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തിലാണ് ‘ഇന്‍ ആന്‍ഡ് ഔട്ട്’ (In-N-Out) എന്ന ബര്‍ഗര്‍ ശ്രംഖലയുടെ ഉടമസ്ഥയും പ്രസിഡന്റുമായ ലിന്‍സി സ്നൈഡര്‍ ബിസിനസ്സിലും ജീവിതത്തിലും ദൈവ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് മനസ്സ് തുറന്നത്. വേദനകളിലൂടെ കടന്നുപോയപ്പോള്‍ യേശുവിനെ അനുഗമിക്കുവാന്‍ ശ്രമിക്കുകയും അതുവഴി ജീവിതത്തില്‍ പിടിച്ചു നില്‍ക്കുകയായിരുന്നുവെന്ന് ‘ആര്‍മി ഓഫ് ലവ്’ എന്ന പ്രേഷിത കൂട്ടായ്മയുടെ സഹസ്ഥാപക കൂടിയായ ലിന്‍സി വെളിപ്പെടുത്തി.
ദൈവം നമ്മുടെ ജീവിതത്തോട് ചേര്‍ക്കപ്പെട്ട അനുബന്ധമല്ല, മറിച്ച് നമ്മള്‍ ദൈവത്തില്‍ ചേര്‍ക്കപ്പെട്ടവരാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ലിന്‍സി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 1948-ല്‍ ഹാരി സ്നൈഡറും അദ്ദേഹത്തിന്‍റെ ഭാര്യ എസ്തേറുമാണ് ഇന്‍ ആന്‍ഡ് ഔട്ട് സ്ഥാപിക്കുന്നത്. സ്നൈഡര്‍ ദമ്പതികളുടെ ജീവിച്ചിരിക്കുന്ന ഏക പേരമകളാണ് ലിന്‍സി. മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ അവള്‍ കമ്പനിയുടെ ഉടമയായി. തന്റെ അപ്പൂപ്പന്‍ - അമ്മൂമ്മമാരുടെ ബൈബിള്‍ പരമായ ആശയങ്ങളെ കേന്ദ്രീകരിച്ചാണ് ലിന്‍സി ബിസിനസ് ഇപ്പോഴും നിലനിര്‍ത്തുന്നത്.
തന്റെ ഫാസ്റ്റ്ഫുഡിന്റെ പാക്കിംഗില്‍ ബൈബിള്‍ വാക്യങ്ങള്‍ ചേര്‍ത്തു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പാരമ്പര്യം ലിന്‍സിയും പിന്തുടരുന്നു. ലിന്‍സിയുടെ അമ്മാവനായ റിക്കാണ് ഈ പതിവ് ആരംഭിച്ചത്. അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ 3:16) എന്നിങ്ങനെയുള്ള ബൈബിള്‍ വാചകങ്ങള്‍ ‘ഇന്‍-ആന്‍ഡ്-ഔട്ട്’ന്റെ സോഡാ, കോള കപ്പുകളില്‍ കാണാനാകും. ജോലിക്കാരാല്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും നല്ല നൂറു സി.ഇ.ഒ മാരുടെ ‘ഗ്ലാസ്സ് ഡോര്‍’ പുറത്തുവിട്ട വാര്‍ഷിക പട്ടികയില്‍ മൂന്നാമതാണ് ലിന്‍സിയുടെ സ്ഥാനം.