Life In Christ - 2025
ഡോക്ടറുടെ വസതിയിൽ നിന്നും കണ്ടെത്തിയ ഗർഭസ്ഥ ശിശുക്കളുടെ ഭാഗങ്ങൾ ആദരവോടെ അടക്കം ചെയ്യും
സ്വന്തം ലേഖകൻ 07-10-2019 - Monday
ഇല്ലിനോയിസ്: അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു ഇല്ലിനോയിസിലെ ഉൾറിച്ച് ക്ലോപ്ഫെർ എന്ന ഡോക്ടറുടെ ഭവനത്തിൽ നിന്നും കണ്ടെത്തിയ ഗർഭസ്ഥ ശിശുക്കളുടെ രണ്ടായിരത്തോളം ശരീര ഭാഗങ്ങൾ ഉചിതമായ രീതിയിൽ അടക്കം ചെയ്യുമെന്ന് അറ്റോർണി ജനറൽ കുർട്ടിസ് ഹിൽ. വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ്, ഗർഭസ്ഥ ശിശുക്കൾക്ക് അർഹതപ്പെട്ട രീതിയിൽ മൃതസംസ്കാരം നടത്തുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കിയത്. 2246 ശരീര ഭാഗങ്ങളാണ് ഡോക്ടറുടെ ഇല്ലിനോയിസിലെ വസതിയിൽ ശാസ്ത്രീയരീതിയിൽ കേടുവരാതെ സൂക്ഷിച്ചിരിക്കുന്നത്.
ഇന്ത്യാന സംസ്ഥാനത്തെ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ഡോക്ടർ ക്ലോപ്ഫെർ ജോലി ചെയ്തിട്ടുണ്ട്. 2016ൽ അദ്ദേഹത്തിന്റെ മെഡിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ റദ്ദാക്കിയിരുന്നു.
ശിശുക്കളുടെ ശരീരഭാഗങ്ങൾക്കും, അമ്മമാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ബഹുമാനം നൽകുന്ന രീതിയിൽ നടപടിക്രമങ്ങൾ നടത്തി കൊടുക്കുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നു അറ്റോർണി ജനറൽ വ്യക്തമാക്കി. ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ പോലും, ഡോക്ടറുടെ വീട്ടിൽ ശരീര ഭാഗങ്ങൾ ഒളിപ്പിച്ചുവെച്ചതിൽ അനിഷ്ടം രേഖപ്പെടുത്തിയതായി കുർട്ടിസ് ഹിൽ ഫോക്സ് ന്യൂസ് മാധ്യമത്തിൽ എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞു. ഗർഭസ്ഥ ശിശുക്കൾ വെറും ശരീരകോശങ്ങൾ മാത്രമാണെന്ന് ഭ്രൂണഹത്യ അനുകൂലികൾക്ക് ഉറപ്പുണ്ടെങ്കിൽ, ശരീരഭാഗങ്ങൾ കണ്ടിട്ട് ഭ്രൂണഹത്യ വിരുദ്ധരെ പോലെ അവർ എന്തിന് സംഭ്രമിക്കുന്നുവെന്ന പ്രസക്തമായ ചോദ്യവും അദ്ദേഹം തന്റെ ലേഖനത്തിൽ ഉന്നയിച്ചു. അതേസമയം കത്തോലിക്കാ മെത്രാന്മാരും, പ്രോലൈഫ് സംഘടനകളും ഉചിതമായ മൃതദേഹ സംസ്കാര ശുശ്രൂഷകൾ നൽകാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ട്.