Life In Christ - 2025
വിശുദ്ധ ജോണ്‍ ഹെന്‍റി ന്യൂമാന്റെ ഉദാഹരണത്തെ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിക്കൊണ്ട് ചാൾസ് രാജകുമാരൻ
സ്വന്തം ലേഖകന്‍ 14-10-2019 - Monday
കർദ്ദിനാൾ ഹെന്‍റി ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപനം, കത്തോലിക്കർക്കും, ബ്രിട്ടീഷുകാർക്കും മാത്രമല്ല ന്യൂമാന്റെ അതെ വീക്ഷണങ്ങളുള്ള എല്ലാവർക്കും ആഘോഷിക്കാനായുള്ള അവസരമാണെന്ന് ദി ടൈംസ് മാധ്യമത്തിലെഴുതിയ ലേഖനത്തിൽ ചാൾസ് രാജകുമാരൻ പറഞ്ഞു. ന്യൂമാന്റെ ഉദാഹരണം മറ്റെന്നത്തേക്കാളുമധികം ഇന്ന് ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർദ്ദിനാൾ ന്യൂമാൻ, കുറ്റപ്പെടുത്താതെ വാദിക്കുകയും, ബഹുമാനം നിർത്തിക്കൊണ്ട് തന്നെ വിയോജിക്കുകയും, വ്യത്യാസങ്ങളെ തിരരസ്കാരത്തിന്റെ വേദിയായി കാണാതെ കൂട്ടിമുട്ടലിന്റെ വേദിയായി കാണുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് ചാൾസ് രാജകുമാരൻ ഓർമ്മിപ്പിച്ചു. കർദ്ദിനാൾ ന്യൂമാൻ പൊതു സമൂഹവുമായി പങ്കുവെച്ച കത്തോലിക്കാ വിശ്വാസത്തിൽ വേരൂന്നിയ സമ്മാനങ്ങൾക്കായി നമ്മുടെ വിശ്വാസങ്ങളും, പാരമ്പര്യങ്ങളും എന്തുതന്നെയായാലും നന്ദിയുള്ളവരായിരിക്കാമെന്നും രാജകുമാരൻ തന്റെ ലേഖനത്തിലെഴുതി.
വിശുദ്ധ ജോണ്‍ ഹെന്‍റി ന്യൂമാന്റെ എഴുത്തുകളും, പ്രവർത്തനങ്ങളും കത്തോലിക്കാ വിശ്വാസികളെ പൊതുസമൂഹത്തിന്റെ ഭാഗമായി മാറാൻ സഹായിച്ചെന്നും, അങ്ങനെ സമൂഹം സമ്പുഷ്ടമായിയെന്നും അതിന്റെ സ്മരണ നിത്യമായി തന്നെ ബ്രിട്ടീഷുകാർക്ക് ഉണ്ടായിരിക്കണമെന്നുമുളള ചാൾസ് രാജകുമാരന്റെ ഉപദേശവും ലേഖനത്തിലുണ്ട്.
വത്തിക്കാനിൽ നടന്ന നാമകരണ നടപടികളിൽ ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി ചാൾസ് രാജകുമാരനായിരുന്നു. 13 നിയമനിർമ്മാണ സഭാംഗങ്ങളും, മത സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധിയായ റഹ്മാൻ ക്രിസ്റ്റി എംപിയും ചടങ്ങിൽ രാജകുമാരനോടൊപ്പം പങ്കെടുത്തു.