Arts - 2024

ജപമാല മാസത്തില്‍ ‘സ്മാര്‍ട്ട് റോസറി’യുമായി പാപ്പയുടെ പ്രാര്‍ത്ഥനാ ശ്രംഖല

സ്വന്തം ലേഖകന്‍ 16-10-2019 - Wednesday

വത്തിക്കാന്‍ സിറ്റി: അസാധാരണ മിഷ്ണറി മാസമായി പ്രഖ്യാപിക്കപ്പെട്ട ഒക്ടോബറില്‍ യുവജനങ്ങളെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെടുത്തുവാന്‍ ശ്രദ്ധേയമായ ഉപകരണവുമായി ഫ്രാന്‍സിസ് പാപ്പയുടെ ലോക വ്യാപക പ്രാര്‍ത്ഥനാ കൂട്ടായ്മ. “ക്ലിക്ക് റ്റു പ്രേ” ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന അതിനൂതനമായ ‘ഇ റോസറി’ എന്ന ഉപകരണമാണ് ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഒക്ടോബര്‍ 15ന് വത്തിക്കാനില്‍ വെച്ച് നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സിലാണ് ‘ഇ റോസറി’ അവതരിപ്പിച്ചത്. ജപമാല ചൊല്ലുവാനുള്ള ഒരുപകരണമായാണ് ‘ഇ റോസറി’ ബ്രേസ്ലെറ്റിനെ ഉപയോഗിക്കുന്നത്.

സാങ്കേതികതയില്‍ അധിഷ്ടിതമായ പ്രാര്‍ത്ഥനാ ഉപകരണമാണിതെന്നു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. കുരിശടയാളം വഴിയാണ് വാച്ച് പോലേയോ, ബ്രേസ്ലറ്റ് പോലേയോ ധരിക്കാവുന്ന ഈ ഉപകരണം പ്രവര്‍ത്തനക്ഷമമാകുന്നത്. ഈ വര്‍ഷം ഫ്രാന്‍സിസ് പാപ്പ തന്നെ ഉദ്ഘാടനം ചെയ്ത ക്ലിക്ക് റ്റു പ്രേ എന്ന സൗജന്യ ആപ്പ് വഴിയാണ് വഴിയാണ് ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്. ആപ്പ് വഴി ശബ്ദനിര്‍ദ്ദേശങ്ങളും, ചിത്രങ്ങളും, വ്യക്തിപരമായ ഉള്ളടക്കങ്ങളും വഴി ജപമാല ചൊല്ലുവാനും, സുവിശേഷങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുവാനും ഈ ഉപകരണം സഹായിക്കും.

പത്ത് ജപമാല മുത്തുകളും, ഒരു കുരിശ് രൂപത്തിലുള്ള ഡിസ്പ്ലേയുമാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങള്‍. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളെല്ലാം ഇവിടെയാണ് ശേഖരിച്ചുവെക്കുന്നത്. കുരിശടയാളം വഴി സജീവമായി കഴിഞ്ഞാല്‍ സാധാരണ ജപമാല, ധ്യാനാത്മകമായ ജപമാല അല്ലെങ്കില്‍ വിവിധ പ്രമേയാധിഷ്ടിതമായ ജപമാല വേണോ എന്ന് തിരഞ്ഞെടുക്കാവുന്നതാണ്‌. പ്രാര്‍ത്ഥന ആരംഭിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ മനസ്സിലാക്കി, ജപമാലയുടെ വിവിധ രഹസ്യങ്ങളിലൂടെ ഈ ഉപകരണം ഉപയോക്താവിനെ മുന്നോട്ട് നയിക്കും.

ഗാഡ്ജ് ടെക് Inc. (GTI) എന്ന കമ്പനിയാണ് ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സഭയുടെ ആത്മീയ പാരമ്പര്യത്തെയും സാങ്കേതിക ലോകത്തിന്റെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും ഒരുമിപ്പിക്കുന്നതാണ് ‘ഇ റോസറി’യെന്ന്‍ നിരീക്ഷകര്‍ പറയുന്നു. ജപമാല മാസത്തില്‍ തന്നെയാണ് ഈ ഉപകരണം അവതരിപ്പിക്കപ്പെട്ടെതെന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്.

More Archives >>

Page 1 of 6