Arts - 2024

വിശുദ്ധ പൗലോസ് ശ്ലീഹ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തിയതായി പുരാവസ്തു സംഘടന

സ്വന്തം ലേഖകന്‍ 16-09-2019 - Monday

ലണ്ടന്‍: മാള്‍ട്ടായുടെ തീരക്കടലില്‍ നിന്നു കിട്ടിയ നങ്കൂരം വിശുദ്ധ പൗലോസ് ശ്ലീഹ സഞ്ചരിച്ചു അപകടത്തില്‍പ്പെട്ട കപ്പലിന്റേതാണെന്ന വിലയിരുത്തലുമായി ബൈബിള്‍ ആര്‍ക്കിയോളജി സെര്‍ച്ച് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ എന്ന സംഘടന. തടവറയിലായിരിന്ന സമയത്ത് വിശുദ്ധ പൗലോസ് ശ്ലീഹയെ റോമിലേക്കു കൊണ്ടുപോകുംവഴി കപ്പല്‍ അപകടത്തില്‍പ്പെട്ട കാര്യം പുതിയ നിയമത്തിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. തെക്കുകിഴക്കന്‍ മാള്‍ട്ടയിലെ സെന്റ് തോമസ് ബേ ആയിരിക്കാം അപകടസ്ഥലമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായി സംഘടനയുടെ സ്ഥാപകന്‍ ബോബ് കോര്‍നൂക് പറഞ്ഞു. 59 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1960-ല്‍ മാള്‍ട്ടാ തീരത്തുനിന്ന് നാലു നങ്കൂരങ്ങള്‍ ലഭിച്ചിരുന്നു.

ഇതില്‍ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. റോമന്‍ നിര്‍മിതമായ ഇത് ആദ്യ നൂറ്റാണ്ടിലേതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മാള്‍ട്ടയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. നാലു നങ്കൂരങ്ങള്‍ താഴ്ത്തിയ കാര്യം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഈ സ്ഥലത്തെ ആഴം തൊണ്ണൂറു അടിയാണെന്നും ഇത് വിശുദ്ധ ഗ്രന്ഥത്തിലെ പരാമര്‍ശവുമായി ഒത്തുപോകുന്നതാണെന്നും കോര്‍നുക് അവകാശപ്പെട്ടു. അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ ഇരുപത്തിയേഴാം അധ്യായം ഇരുപത്തിയെട്ടാം വാക്യമാണ് ആഴത്തെ സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങള്‍. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പഠനഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍ക്കിയോളജി സെര്‍ച്ച് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ സംഘടന.

More Archives >>

Page 1 of 5