Arts - 2025
ജപമാല മാസാചരണത്തിന്റെ ഭാഗമായുള്ള മരിയന്‍ എക്സിബിഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
20-10-2019 - Sunday
നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന്റെ ഭാഗമായി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്ന മരിയന്‍ എക്സിബിഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പളളിപരിസരത്തും പാരിഷ്ഹാളിലുമായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ മറിയത്തിന്റെ രണ്ടായിരത്തിലേറെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ഉണ്ട്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ സംസ്കാരങ്ങളിലും വേഷവിധാനങ്ങളിലുമുളള മാതാവിന്റെ ചിത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുളള മറിയത്തിന്‍റെ വിവിധ ദര്‍ശനങ്ങളും ചിത്രങ്ങളായി പ്രദര്‍ശനത്തിലുണ്ട്.
മൈക്കിള്‍ ആന്‍ഞ്ചലോ, റാഫേല്‍, ലിയനാഡോ ഡാവിന്‍ഞ്ചി തുടങ്ങി പ്രസിദ്ധ ചിത്രകാരന്‍മാരുടെ ഭാവനയിലെ മറിയത്തിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുളള ജപമാലകള്‍ കാശുരൂപങ്ങള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 5 വരെ പ്രദര്‍ശനം തുടരും.