Arts
'ലവ് ആന്‍ഡ് മേഴ്സി': വിശുദ്ധ ഫൗസ്റ്റീനയെ കുറിച്ചുള്ള സിനിമ ഒക്ടോബര്‍ 28ന് തീയറ്ററുകളില്‍
സ്വന്തം ലേഖകന്‍ 21-10-2019 - Monday
വാഷിംഗ്‌ടണ്‍ ഡിസി: ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോല എന്നറിയപ്പെടുന്ന പോളിഷ് കന്യാസ്ത്രീ വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്കയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങളും, ദിവ്യകാരുണ്യ സന്ദേശങ്ങളും ഇതിവൃത്തമാക്കിയ “ലവ് ആന്‍ഡ് മേഴ്സി” സിനിമ ഒക്ടോബര്‍ 28ന് തീയറ്ററുകളിലെത്തും. അമേരിക്കയിലെ എഴുനൂറിലധികം തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇതിനോടകം തന്നെ പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്ധ്യാത്മിക ജീവിതത്തിലേക്കുള്ള വിശുദ്ധ ഫൗസ്റ്റീനയുടെ വിളിയും, ലോകമെങ്ങുമുള്ള അനേകായിരങ്ങള്‍ക്ക് വിശുദ്ധ ഫൗസ്റ്റീനയുടെ ആദ്ധ്യാത്മിക സന്ദേശങ്ങള്‍ നല്‍കിയ നവീകരണാനുഭവവുമാണ് സിനിമയുടെ പ്രതിപാദ്യ വിഷയം.
നൂറിലധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള വിശുദ്ധ ഫൗസ്റ്റീനയുടെ പ്രസിദ്ധമായ ഡയറി മാനവകുലത്തിന് പ്രതീക്ഷയുടേതായ മാര്‍ഗ്ഗരേഖയാണെന്നും, കഴിഞ്ഞ 19 വര്‍ഷമായി ഈ ഡയറി തന്റെ ജീവിതത്തില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്നുമാണ് സിനിമയുടെ സംവിധായകനായ മൈക്കേല്‍ കോണ്‍ണ്ട്രാക്റ്റ് പറയുന്നത്. വിശുദ്ധ ഫൗസ്റ്റീനയെക്കുറിച്ച് ഇതിനു മുന്‍പ് അറിവില്ലാതിരുന്ന പലകാര്യങ്ങളും സിനിമ പുറത്തുകൊണ്ടുവരുന്നുണ്ടെന്നാണ് വിവരം.
വിശുദ്ധയുടെ ആത്മീയ പിതാവായിരുന്ന ഫാ. മൈക്കേല്‍ സോപോക്കോയുടെ പുതുതായി കണ്ടെത്തിയ കത്തുകളും സിനിമയില്‍ പ്രതിപാദിക്കുന്നതായി സൂചനയുണ്ട്. ദിവ്യകാരുണ്യ ഈശോയുടെ ചിത്രവും, ടൂറിനിലെ അത്ഭുത കച്ചയിലെ യേശുവിന്റെ ചിത്രവും തമ്മില്‍ എങ്ങനെ പൊരുത്തപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ശാസ്ത്രീയമായ വീക്ഷണകോണിലൂടെ സിനിമ വിശകലനം ചെയ്യുന്നുണ്ടെന്നും ശ്രദ്ധേയമാണ്.
കാരുണ്യത്തിന്റെ സോദരിമാര്‍ എന്ന സന്യാസിനീ സമൂഹത്തിലെ അംഗമായിരിന്ന വിശുദ്ധ ഫൗസ്റ്റീനക്ക് 1931 ഫെബ്രുവരി 22-നാണ് ദിവ്യകാരുണ്യ നാഥനായ യേശുവിന്റെ ദര്‍ശനം ആദ്യമായി ലഭിക്കുന്നത്. ആദ്യകാലഘട്ടങ്ങളില്‍ വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്.
യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു. അത് ഇന്നു ആഗോള തലത്തില്‍ തന്നെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച പുസ്തകമായി മാറിയിട്ടുണ്ട്. 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്കയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക