Arts - 2025
ഉണ്ണിയേശുവിനൊപ്പമുള്ള മാതാവിന്റെ ലോകത്തെ ഏറ്റവും ഉയരമേറിയ രൂപം ബള്‍ഗേറിയയില്‍
സ്വന്തം ലേഖകന്‍ 23-10-2019 - Wednesday
ഹസ്കോവോ: ബള്‍ഗേറിയയിലെ ഏഴാമത്തെ ഏറ്റവും വലിയ നഗരമായ ഹസ്കോവോയില്‍ ഉണ്ണിയേശുവിനെ വഹിച്ചു നില്‍ക്കുന്ന ദൈവമാതാവിന്റെ ലോകത്തെ ഏറ്റവും ഉയരമേറിയ രൂപം തീര്‍ത്ഥാടകരുടേയും, വിനോദസഞ്ചാരികളുടേയും ശ്രദ്ധാകേന്ദ്രമായി മാറുന്നു. 100 അടിയിലധികം (30 മീറ്റര്‍) ഉയരമുള്ള “പരിശുദ്ധ ദൈവമാതാവിന്റെ സ്മാരകം” എന്ന് പേരിട്ടിരിക്കുന്ന ഈ രൂപം ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ഉണ്ണിയേശുവുമൊത്തുള്ള മാതാവിന്റെ ലോകത്തെ ഏറ്റവും ഉയരമേറിയ രൂപമാണ്. ഇതിനോടകം തന്നെ ഹസ്കോവോ നഗരത്തിന്റെ അടയാളമായി മാറിയിരിക്കുന്ന ഈ ഭീമാകാരമായ രൂപം കാണുവാന്‍ ദിനംപ്രതി ആയിരങ്ങളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
ചെറിയ ഓര്‍ത്തഡോക്സ് ചാപ്പല്‍ ഉള്‍കൊള്ളുന്ന അടിത്തറ കൂടി കണക്കിലെടുത്താല്‍ 102 അടി (31 മീറ്റര്‍) ആണ് രൂപത്തിന്റെ ഉയരം. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നു നോക്കിയാലും രാത്രിപോലും കാണുവാന്‍ പാകത്തിന് ഹസ്കോവോ നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു മലമുകളിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്. പോളിമര്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഭീമന്‍ രൂപം തദ്ദേശീയരായ നിരവധി കലാകാരന്‍മാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നതും വസ്തുതയാണ്.
2002-ലാണ് ഹാസ്കോവോ മുനിസിപ്പല്‍ കൗണ്‍സില്‍ ഏതാണ്ട് 1,50,000 യൂറോ ചിലവ് വരുന്ന രൂപം നിര്‍മ്മിക്കുവാനുള്ള അനുവാദം നല്‍കിയത്. വെറും രണ്ടുലക്ഷം മാത്രം വരുന്ന ഹാസ്കോവോ നഗരവാസികളുടെ ഉദാരമായ സംഭാവനയും, നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന രൂപത്തിന്റെ ചിത്രമുള്‍കൊള്ളുന്ന പോസ്റ്റ്‌കാര്‍ഡുകളുടെ വില്‍പ്പനയും വഴിയാണ് നിര്‍മ്മാണത്തിനാവശ്യമായി പണം കണ്ടെത്തിയത്. 2013-ല്‍ ദൈവമാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 നായിരുന്നു രൂപത്തിന്റെ അനാച്ഛാദനം.
ബള്‍ഗേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട 100 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഹസ്കോവോയുടെ പ്രതീകമായ പരിശുദ്ധ ദൈവമാതാവിന്റെ ഈ രൂപം ഇടംപിടിച്ചു കഴിഞ്ഞു. നിലവില്‍ ഏറ്റവും വലിയ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സ്ഥിതി ചെയ്യുന്നത് വെനിസ്വേലയിലെ സമാധാനത്തിന്റെ രാജ്ഞിയുടെ സ്മാരകമാണ്. എന്നാല്‍ ഇതിനെക്കാളും ഉയരത്തില്‍ ലോകത്തെ ഏറ്റവും വലിയ മരിയന്‍ രൂപം 2020-ല്‍ ഫിലിപ്പീന്‍സില്‍ പൂര്‍ത്തിയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.