News - 2025
ദയാവധത്തിനെതിരെ കൈകോര്‍ത്ത് കത്തോലിക്ക യഹൂദ മുസ്ലീം നേതാക്കള്‍: സംയുക്ത പ്രഖ്യാപനം പാപ്പക്ക് കൈമാറി
സ്വന്തം ലേഖകന്‍ 29-10-2019 - Tuesday
വത്തിക്കാന്‍ സിറ്റി: ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള ദയാവധം പോലെയുള്ള തിന്മകളെ നിരാകരിക്കുകയും, പാലിയേറ്റീവ് കെയര്‍ ശുശ്രൂഷകളെ പിന്തുണക്കുകയും ചെയ്തുകൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം, യഹൂദ നേതാക്കള്‍ ഒപ്പിട്ട സംയുക്ത പ്രഖ്യാപനം ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാനില്‍വെച്ച് നടന്ന ചടങ്ങില്‍വെച്ചാണ് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ തലവനായ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍സൊ പാഗ്ലിയ ഉള്‍പ്പെടെയുള്ള, ക്രിസ്ത്യന്‍ മുസ്ലീം യഹൂദ പ്രതിനിധി സംഘം ഒപ്പിട്ടിരിക്കുന്ന സംയുക്ത പ്രഖ്യാപനത്തിന്റെ പതിപ്പ് പാപ്പക്ക് കൈമാറിയിരിക്കുന്നത്.
പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫാണ് ‘പൊസിഷന്‍ പേപ്പര്‍ ഓണ്‍ ദി അബ്രഹാമിക് മോണോതിസ്റ്റിക് റിലീജിയന്‍സ് ഓണ്‍ മാറ്റേഴ്സ് കണ്‍സേണിംഗ് ദി എന്‍ഡ് ഓഫ് ദി ലൈഫ്’ എന്ന തലക്കെട്ടോടെയുള്ള പ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നത്. മനപൂര്‍വ്വം മനുഷ്യന്റെ ജീവനെടുക്കുന്ന പ്രവര്‍ത്തിയെ മൂന്ന്‍ മതങ്ങളും എതിര്‍ക്കുന്നുവെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നു. പ്രാദേശിക നിയമങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ പോലും, ഡോക്ടര്‍മാരുടെ സഹായത്തോടെ ജീവനെടുക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നും പ്രഖ്യാപനത്തിലുണ്ട്. രോഗിയുടെ ആവശ്യപ്രകാരം ജീവനൊടുക്കുന്നതിനു ആരോഗ്യപരിപാലന രംഗത്ത് ജോലിചെയ്യുന്നവരുടെ മേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനെ പ്രഖ്യാപനം അപലപിക്കുന്നു.
വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്യുന്ന ഇസ്രായേല്‍ സ്വദേശി റബ്ബി അവറാഹം സ്റ്റെയിന്‍ ബെര്‍ഗിന്റെ മനസ്സില്‍ ഉദിച്ച ആശയം അദ്ദേഹം ഫ്രാന്‍സിസ് പാപ്പയുടെ പരിഗണനക്കായി വിടുകയും പാപ്പ ഈ പദ്ധതി പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിനെ ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഈ സംയുക്ത പ്രഖ്യാപനം യാഥാര്‍ത്ഥ്യമായത്. വിവിധ മതപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയാണ് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് രണ്ടായിരത്തോളം വാക്കുകളുള്ള ഈ രേഖ തയ്യാറാക്കിയത്. തങ്ങള്‍ ഒരു ഭാരമാണെന്ന രോഗികളുടെ ചിന്ത തടയുവാനും, ജീവിതത്തിന്റെ മൂല്യവും, അന്തസ്സും മനസ്സിലാക്കുവാന്‍ രോഗികളെ സഹായിക്കുക എന്ന ഉത്തരവാദിത്വവും സമൂഹത്തിനുണ്ടെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.