News - 2025

ഫാ. മഹേഷ് ഡിസൂസയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം: സംഘടിച്ച് ഉഡുപ്പി ജനത

സ്വന്തം ലേഖകന്‍ 06-11-2019 - Wednesday

മാംഗ്ലൂര്‍: കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഉഡുപ്പി ഷിർവ ഡോൺബോസ്‌കോ സ്കൂൾ പ്രിൻസിപ്പലും ഷിർവ ഇടവക സഹവികാരിയുമായിരുന്ന ഫാ. മഹേഷ് ഡിസൂസയുടെ അന്ത്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭ റാലിയുമായി പ്രാദേശികസമൂഹം. ഒക്ടോബര്‍ 12നു വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസ് വിധിയെഴുതിയ കേസില്‍ പിന്നീട് വഴിത്തിരിവ് ഉണ്ടാകുകയായിരിന്നു.

സംഭവ ദിവസം പ്രാദേശിക രാഷ്ട്രീയ നേതാവും കൂട്ടാളികളും വൈകിട്ട് സ്‌കൂളിലെത്തി ഇദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയതായുള്ള തെളിവ് ലഭിച്ചതാണ് കേസ് അന്വേഷണത്തെ മാറ്റിമറിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാവ് മകനും മറ്റു രണ്ടു പേർക്കും ഒപ്പം എത്തി ഇദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നതായി രണ്ടു പേർ പോലീസിനു മൊഴി നൽകിയിരിന്നു. സംഘത്തിൽ ഒരാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും പറയപ്പെടുന്നു. ഫാ. മഹേഷിനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഫാ. മഹേഷ് സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞതോടെ ഉടൻ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന് മദ്യലഹരിയിലായിരുന്ന വ്യക്തി ഭീഷണി മുഴക്കി.

മഹേഷിനെ വധിക്കുമെന്നു പ്രാദേശിക രാഷ്ട്രീയ നേതാവും ഭീഷണി മുഴക്കിയതായും തനിക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസിൽ സ്വാധീനം ഉണ്ടെന്നും ജാമ്യം തയാറാണെന്നും ഇയാൾ പറഞ്ഞതായും സൂചനയുണ്ട്. ഈ സമയം ഫാ. മഹേഷ് സ്‌കൂളിലെ കാബിനിൽ ഉണ്ടായിരുന്നു. ദേവാലയത്തിലെ സിസിടിവിയിൽ നിന്ന് സംഘം ഇവിടെ വന്നതിന്റെയും മറ്റും ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. എന്നാല്‍ വൈദികന്‍ മരണപ്പെട്ടിട്ടു ഇരുപതിലധികം ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതാണ് വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചത്.

വൈദിക നരഹത്യയില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിചേര്‍ന്നു. 2016 ല്‍ ഷിര്‍വ പള്ളിയിലെ അസിസ്റ്റന്റ് ഇടവക വികാരിയായും ഡോണ്‍ ബോസ്‌കോ സിബിഎസ്ഇ സ്‌കൂളിന്റെ പ്രിന്‍സിപ്പലായും നിയമിക്കപ്പെട്ട ഫാ. മഹേഷ് ഡോണ്‍ ബോസ്‌കോ സിബിഎസ്ഇ സ്‌കൂളിന്റെ വികസനത്തിനായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചിരിന്നു. സ്‌കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടവകയിലെ വിശ്വാസികൾക്കും ഏറെ പ്രിയങ്കരനായിരുന്നു ഫാ. മഹേഷ്. അതേസമയം അന്വേഷണം ഇനിയും ഇഴഞ്ഞുനീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് തയാറെടുക്കുവാനാണ് വിശ്വാസികളുടെ തീരുമാനം.


Related Articles »