News - 2025

വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ്സ്: സിറിയയില്‍ അർമേനിയൻ വൈദികര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ 12-11-2019 - Tuesday

കമിഷ്ലി: വടക്കു കിഴക്കൻ സിറിയൻ നഗരമായ കമിഷ്ലിയിൽ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അർമേനിയൻ കത്തോലിക്ക വൈദികര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇരുവരെയും തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തുകയായിരിന്നു. കമിഷ്ലിയിൽ അർമേനിയൻ ക്രൈസ്തവരുടെ ആത്മീയനിയന്താവായി ശുശ്രൂഷ ചെയ്ത് വന്നിരുന്ന ഫാ. ഹൗസേപ്പ് പെട്ടോയാൻ എന്ന വൈദികനെയും അദ്ദേഹത്തിന്റെ പിതാവായ ഫാ. അബ്രഹാം പെട്ടോയാനെയുമാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദ സംഘടന ഏറ്റെടുത്തതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും ഡിയർ അൽ സോർ എന്ന സ്ഥലത്തേക്ക് കാറിൽ യാത്ര ചെയ്തു പോകവേ തീവ്രവാദികൾ കാറിനെ ലക്ഷ്യംവെച്ച് വെടിവെക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഇരുവരും മരണമടഞ്ഞു. അൽ ഹസാക്കി ദേവാലയത്തിലെ ഫാറ്റി സാനോ എന്ന ഡീക്കനും കാറിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നു തകര്‍ക്കപ്പെട്ട ഡിയർ അൽ സോറിലെ കത്തോലിക്ക ദേവാലയത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുവാനുള്ള യാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരിന്നു. ഇതിന് ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് വൈദികരെ കൊന്നൊടുക്കിയതെന്നത് വസ്തുതയാണ്. മധ്യപൂര്‍വ്വേഷ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ സാന്നിധ്യം പൂര്‍ണ്ണമായും ക്ഷയിച്ചിട്ടില്ലായെന്ന സൂചനയാണ് പുതിയ സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

More Archives >>

Page 1 of 503