News - 2025
വടക്കന്‍ അയര്‍ലണ്ടിലെ നിര്‍ദ്ദിഷ്ട ഗര്‍ഭഛിദ്ര നിയമത്തിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ 08-11-2019 - Friday
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടിലെ നിര്‍ദ്ദിഷ്ട അബോര്‍ഷന്‍ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ നിയമസംരക്ഷണം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് നിര്‍ദ്ദിഷ്ട അബോര്‍ഷന്‍ നിയമമെന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പാസാക്കിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എക്സിക്യുട്ടീവ് ആക്റ്റ് 2019 പ്രകാരം അടുത്ത വര്‍ഷം മാര്‍ച്ച് 31നോടു കൂടെ വടക്കന്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് നിയമസാധുത ഉറപ്പാക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 12 മുതല്‍ 14 ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങള്‍ യാതൊരു ഉപാധികളും ഇല്ലാതെ കൊന്നൊടുക്കുവാന്‍ അനുവദിക്കുന്നതാണ് പുതിയ നിര്‍ദ്ദേശം.
ഭ്രൂണത്തിന് വൈകല്യമുണ്ടെന്നോ, അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നോ വ്യക്തമായാല്‍ സമയപരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം സാധ്യമാണെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഏതെങ്കിലും മെഡിക്കല്‍ പ്രാക്ടീഷണര്‍ക്കോ, അംഗീകൃത ഹെല്‍ത്ത് കെയര്‍ വിദഗ്ദര്‍ക്കോ ഗര്‍ഭഛിദ്രം ചെയ്യാവുന്നതാണെന്നും, 22 മുതല്‍ 24 ആഴ്ചകള്‍ വരെയുള്ള അബോര്‍ഷന്‍ ആശുപത്രിയില്‍ തന്നെ വേണമെന്നും നിയമഭേദഗതിയിലുണ്ട്. അമ്മയുടെ ജീവനോ, ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനോ ഭീഷണിയാണെങ്കില്‍ മാത്രമായിരുന്നു മുന്‍പ് വടക്കന്‍ അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമപരമായി അനുവദനീയമായിരുന്നത്.
പുതിയ നിയമം കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്ന്‍ പ്രോലൈഫ് സംഘടനകള്‍ അഭിപ്രായപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമ ഭേദഗതി അംഗപരിമിതികളും, ശാരീരിക വൈകല്യങ്ങളും, ബുദ്ധിമാന്ദ്യവുള്ള ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ജീവന് ഭീഷണിയാകുമെന്നും, ജനനത്തിനു തൊട്ടുമുന്‍പ് വരെയുള്ള അബോര്‍ഷനുകള്‍ക്ക് കാരണമാകുമെന്നും പ്രോലൈഫ് സംഘടനയായ ‘പ്രീഷ്യസ് ലൈഫ്’ന്റെ ഡയറക്ടറായ ബെര്‍ണാഡെറ്റെ സ്മിത്ത് ആരോപിച്ചു. നഴ്സ്, മിഡ്വൈവ്സ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റ്സ്, തെറപ്പിസ്റ്റ്, ഡയറ്റീഷ്യന്‍സ് തുടങ്ങി ആരോഗ്യപരിപാലന രംഗത്ത് സേവനം ചെയ്യുന്ന ആര്‍ക്ക് വേണമെങ്കിലും ഗര്‍ഭഛിദ്രം ചെയ്യാവുന്ന സ്ഥിതി സംജാതമാകുമെന്നും, അത് സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.