News - 2025
ജീവന്‍ വിരുദ്ധ നിലപാട്: യുഎന്നിന്റെ നെയ്റോബി ഉച്ചകോടിയില്‍ വത്തിക്കാന്‍ പങ്കെടുക്കില്ല
സ്വന്തം ലേഖകന്‍ 09-11-2019 - Saturday
ന്യൂയോര്‍ക്ക് സിറ്റി: പ്രത്യുല്‍പാദനപരവും, ലൈംഗീകവുമായ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവന്‍ വിരുദ്ധ നിലപാട് സ്വീകരിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ നെയ്റോബി ഉച്ചകോടി അടുത്ത ആഴ്ച നടക്കുവാനിരിക്കെ എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വത്തിക്കാന്‍. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ കെനിയയെ അറിയിച്ചു. നവംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ഉച്ചകോടി ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടും, കെനിയന്‍, ഡെന്‍മാര്‍ക്ക് സര്‍ക്കാരുകളും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
1994-ല്‍ കെയ്റോയില്‍ വെച്ച് നടന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഐ.സി.പി.ഡി) കണ്‍വെന്‍ഷനില്‍ തീരുമാനിച്ചതുപ്രകാരം അന്താരാഷ്ട്ര സമൂഹത്തിന്റെ പുരോഗമനപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം, സമവായമില്ലാത്തതും, വിവാദപരവുമായ കാര്യങ്ങളില്‍ നെയ്റോബി ഉച്ചകോടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ബെര്‍ണഡിറ്റോ ഓസ മെത്രാപ്പോലീത്ത വ്യക്തമാക്കി.
സമൂഹത്തിന്റെ പുരോഗമനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഉച്ചകോടി ലൈംഗീകവും, പ്രത്യുല്‍പ്പാദനപരവുമായ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന തരത്തില്‍ ചുരുങ്ങിപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിയുടെ ചര്‍ച്ചാ വിഷയങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തന രേഖയെക്കുറിച്ച് വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്ന നെയ്റോബി പ്രസ്താവനയെ അംഗീകരിക്കുവാന്‍ കഴിയില്ലെന്നും, മറിച്ചായിരുന്നുവെങ്കില്‍ ഉച്ചകോടിക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നുവെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി.
ആഗോള സമൂഹത്തിന്റെ സുസ്ഥിരവും സമത്വവുമുള്ള പുരോഗമനത്തിന് വേണ്ടി പരിശുദ്ധ സിംഹാസനം എന്നു നിലകൊണ്ടിട്ടുണ്ടെന്നും ഇനിയും നിലകൊള്ളുക തന്നെ ചെയ്യുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഉച്ചകോടിയിലെ വിഷയങ്ങള്‍ ജീവന്‍ വിരുദ്ധമാണെന്നും ആശങ്കയുളവാക്കുന്നതാണെന്നും ആരോപിച്ച് ആഫ്രിക്കന്‍ മെത്രാന്‍മാരും നേരത്തെ രംഗത്ത് വന്നിരിന്നു.