India - 2025
മറിയം ത്രേസ്യയുടെ നാമകരണം: 7.15 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കും
സ്വന്തം ലേഖകന്‍ 13-11-2019 - Wednesday
ഇരിങ്ങാലക്കുട: ഒക്ടോബര്‍ 13നു ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണത്തിന്റെയും ദേശീയതല ആഘോഷത്തിന്റെയും ഭാഗമായി 7.15 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കും. വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ചു കോടി രൂപയും ഇരിങ്ങാലക്കുട രൂപത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍ധനകുടംബങ്ങള്‍ക്ക് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും.
നിര്‍ധനര്‍ക്കു പഠനം, ചികിത്സ, വിവാഹം എന്നിവയ്ക്കും സഹായങ്ങള്‍ നല്‍കുമെന്നു മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ അറിയിച്ചു. പുത്തന്‍ചിറയില്‍ ലഹരി വിമുക്ത പുനരധിവാസകേന്ദ്രം, ചാലക്കുടിയില്‍ കിടപ്പുരോഗികള്‍ക്കായി സാന്ത്വന ഭവനം, ഷംഷാബാദ് രൂപതയുടെ വിവിധ മേഖലകളില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സര്‍വീസ് എന്നിവയ്ക്കായാണു മറ്റു തുക വിനിയോഗിക്കുക. വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാന്‍ കുടുംബം 15 ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.