India - 2025
ഗബ്രിയേൽ സേനയെക്കുറിച്ചുള്ള വാർത്ത വളച്ചൊടിച്ചത് പ്രതിഷേധാർഹം: തലശ്ശേരി അതിരൂപത
സ്വന്തം ലേഖകന്‍ 07-11-2019 - Thursday
തലശ്ശേരി: വിമുക്തഭടന്മാരുടെ കൂട്ടായ്മയായ ഗബ്രിയേൽസേനയെക്കുറിച്ച് 'ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രവും മാതൃഭൂമിയും എഴുതിയ വ്യാജവാർത്ത പ്രതിഷേധാർഹമെന്നു തലശ്ശേരി അതിരൂപത. ഡിസംബർ ഒൻപതിന് കണ്ണൂരിൽ നടക്കുന്ന ഉത്തര മലബാർ സംഗമത്തിൻ്റെ വോളണ്ടിയേഴ്‌സായി സേവനം ചെയ്യാൻ രൂപീകരിച്ചിരിക്കുന്ന വിമുക്തഭടന്മാരുടെ കൂട്ടായ്മയെ "സഭ പ്രത്യേക സേന രൂപീകരിക്കുന്നു" എന്ന തരത്തിൽ ദുർവ്യഖ്യാനം ചെയ്ത് വാർത്ത കെട്ടിച്ചമച്ചത് പത്രധർമത്തിനു നിരക്കാത്ത പ്രവർത്തിയാണെന്നു അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.
കാർഷികമേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തര മലബാർ കർഷക പ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. കണ്ണൂർ കാസർഗോഡ് ജില്ലയിലെ കർഷകരും സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളും ഇതിൽ പങ്കാളികളാണ്. ഒക്ടോബർ 13 ന് ഇരുന്നൂറോളം ഗ്രാമങ്ങളിൽ രണ്ടര ലക്ഷത്തോളം കർഷകർ പങ്കെടുത്ത കണ്ണീർ ചങ്ങലെയോടെയാണ് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഡിസംബർ ഒൻപതിന് കണ്ണൂരിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന കർഷകസംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു വരുന്നു. നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി സമ്മേളനം സുഗമമായി നടത്തുന്നതിനായി വിരമിച്ച പട്ടാളക്കാരും പോലീസുകാരും ഉൾപ്പെടുന്ന വോളണ്ടിയർ കമ്മറ്റി 'ഗബ്രിയേൽ സേന' എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട് . അച്ചടക്കത്തോടെയും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതെയും ക്രമീകരിക്കാൻ സന്നദ്ധസേവനസംഘമാണിത്. കേരളം സഭയോ തലശ്ശേരി അതിരൂപതയോ ഇന്ത്യൻ എക്സ്പ്രെസ്സിൽ പറഞ്ഞത് പോലെ സേന രൂപീകരിക്കുന്നില്ല.
ഈ വാർത്ത തികച്ചുo വാസ്തവവിരുദ്ധവുംതെറ്റിദ്ധാരണാജനകവും ആണ്. ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിൻറെ വർദ്ധിച്ചു വരുന്ന ജനപിന്തുണയെ വിവാദങ്ങൾ സൃഷ്ടിച്ചു തകർക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നതിൻറെ ഭാഗമാണ് ഈ വാർത്ത. ജനനന്മക്കു വേണ്ടിയുള്ള വലിയ ഒരു മുന്നേറ്റത്തിൻറെ നന്മകളെക്കുറിച്ചു ഒരക്ഷരം പോലും പറയാതെ ഇതുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളുമായി ബന്ധിപ്പിച്ച് ദുർവ്യാഖ്യാനം ചെയ്ത സത്യവിരുദ്ധമായ വാർത്ത നല്കിയതിനെതിരെയുള്ള തലശ്ശേരി അതിരൂപതയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. വാസ്തവവിരുദ്ധമായ വാർത്ത സൃഷ്ടിച്ചെടുത്ത റിപ്പോർട്ടർക്കെതിരെ ബന്ധപ്പെട്ട പത്രസ്ഥാപനം നടപടിയെടുക്കണമെന്നും അതിരൂപത പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.