News
അതിരുവിട്ട് ചിലിയിലെ പ്രതിഷേധം: കത്തോലിക്ക ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം
സ്വന്തം ലേഖകന്‍ 13-11-2019 - Wednesday
ടാല്‍ക്കാ: മധ്യ ചിലിയിലെ ടാല്‍ക്ക നഗരത്തിന്റെ സംരക്ഷക പ്രതീകമായി നിലകൊള്ളുന്ന പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ‘മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ്’ ദേവാലയത്തിന് നേരെ ആക്രമണം. ചിലി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടുന്ന പ്രതിഷേധക്കാരാണ് നവംബര്‍ 11-ന് രാത്രിയില്‍ സലേഷ്യന്‍ സഭയുടെ കീഴിലുള്ള ദേവാലയത്തില്‍ അഴിഞ്ഞാടിയത്. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ ദേവാലയത്തിലെ ബെഞ്ചുകള്‍ റോഡില്‍ വിലങ്ങനെയിട്ട് കത്തിച്ച് തെരുവില്‍ പ്രതിരോധമറ ഉണ്ടാക്കിയ ശേഷം ദേവാലയം ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു.
ദേവാലയത്തിലെ പെയിന്റിംഗുകളും വിശുദ്ധ രൂപങ്ങളും അക്രമികള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. ഹീനമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ചിലി സര്‍ക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ നയങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരു മാസമായി സമാധാനപരമായി നടന്നുവന്നിരുന്ന പ്രതിഷേധം ഈ അടുത്ത ദിവസങ്ങളിലാണ് അക്രമാസക്തമായത്. പ്രതിഷേധം അക്രമാസക്തമായതിനു ശേഷം ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ ദേവാലയമാണ് ടാല്‍ക്കായിലെ ദേവാലയം.
തലസ്ഥാന നഗരമായ സാന്റിയാഗോയിലെ ലാ അസന്‍ഷന്‍ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തത് രണ്ടുദിവസങ്ങള്‍ക്ക് മുന്‍പാണ്. ടാല്‍ക്കാ നഗരത്തിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആത്മീയകേന്ദ്രമായി നിലകൊള്ളുന്ന ദേവാലയമാണ് അക്രമിക്കപ്പെട്ടത്. യാതൊരു തരത്തിലും നീതികരിക്കുവാന്‍ കഴിയാത്ത കരുതികൂട്ടിയുള്ള ആക്രമണങ്ങളാണിതെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ചിലിയിലെ സലേഷ്യന്‍ സഭയുടെ പ്രോവിന്‍ഷ്യാലായ ഫാ. കാര്‍ലോസ് ലിറ ഹീനമായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അക്രമ സാഹചര്യത്തെ പൂര്‍ണ്ണമായും അപലപിക്കുന്നുവെന്നും ചിലി ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമാധാനപരമായ ചര്‍ച്ചകള്‍ വഴി മാന്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി സഭ വ്യക്തമാക്കി. രാജ്യത്തിന്റെ സാഹോദര്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം സലേഷ്യന്‍ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.