India - 2025

കുഴിക്കാട്ടുശേരി ഒരുങ്ങി: ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ഇന്ന്

സ്വന്തം ലേഖകന്‍ 16-11-2019 - Saturday

കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയതിന്റെ ഭാരതത്തിലെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ഇന്ന്. വിശുദ്ധയുടെയും ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെയും കബറിടങ്ങള്‍ സ്ഥിതിചെയ്യുന്ന ദേവാലയാങ്കണത്തില്‍ ഇന്നുച്ചകഴിഞ്ഞു രണ്ടിന് നടക്കുന്ന കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും. അമ്പതോളം മെത്രാന്മാരും ഇതില്‍ ഭാഗഭാക്കാകും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹ പ്രഭാഷണം നടത്തും.

തുടര്‍ന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ദേശീയ സമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, എംപിമാരായ ബെന്നി ബഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ വി.ആര്‍. സുനില്‍കുമാര്‍, ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണന്‍, ഇ.ടി. ടൈസണ്‍, റോജി എം. ജോണ്‍, വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

150 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന 'സ്‌നേഹത്തൂവല്‍' എന്ന കലാവിരുന്ന് ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇറ്റലി, ജര്‍മനി, അമേരിക്ക, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, കെനിയ, സൗത്ത് സുഡാന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ എന്നിവിടങ്ങളില്‍നിന്നും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും വിവിധ രൂപതകളില്‍നിന്നു വിശ്വാസികളും ഉള്‍പ്പെടെ മുപ്പതിനായിരത്തോളം പേര്‍ ദേശീയ ആഘോഷത്തില്‍ പങ്കെടുക്കാനെത്തും.

തീര്‍ത്ഥാടകര്‍ക്കും അതിഥികള്‍ക്കുമായി കൂറ്റന്‍ പന്തലുകള്‍, ഇരിപ്പിട സൗകര്യങ്ങള്‍ എന്നിവ സജ്ജമാണ്. ദുരന്തനിവാരണ ജില്ലാ പ്രോജക്ട് ഓഫീസര്‍ നൗഷാബയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ സംഘം, 1500 വോളന്റിയര്‍മാര്‍, അഗ്‌നിരക്ഷാ സേന, പോലീസ് സേന എന്നിവയെല്ലാം ഇവിടെയുണ്ടാകും. ഷെക്കെയ്ന ഉള്‍പ്പെടെ നാലോളം ചാനലുകളില്‍ തത്സമയ സംപ്രേക്ഷണമുണ്ടാകും.

More Archives >>

Page 1 of 280